X

റെസ്യൂം തയ്യാറാക്കല്‍, ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്‌സ്ബുക്ക്

ഉപയോക്താക്കളുടെ നൈപുണ്യവത്ക്കരണം ലക്ഷ്യമിട്ട് തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്‌സ്ബുക്ക്. വെറുമൊരു സമൂഹമാധ്യമം എന്ന നിലയില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടത്തിലേക്കും പ്രാദേശിക തൊഴില്‍ അന്വേഷണങ്ങളിലേക്കുമെല്ലാം ചിറകു വിരിച്ച ഫെയ്‌സ്ബുക് ഇപ്പോള്‍ കരിയര്‍ അഡൈ്വസ് രംഗത്തേക്കാണ് ചുവടു വയ്ക്കാനൊരുങ്ങുന്നത്. ലേണ്‍ വിത്ത് ഫെയ്‌സ്ബുക് എന്ന പേരിലെത്തുന്ന ഈ പുതിയ പ്ലാറ്റ്ഫോം ഇന്ത്യയില്‍ ഉപയോക്താക്കള്‍ക്കായി വിവിധ തരം കോഴ്സുകളിലൂടെ രംഗത്തെത്തുകയാണ്.

പ്രഫഷനല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്‍ മാതൃകയില്‍ രംഗത്തെത്തുത്ത ഫെയ്ബുക്ക്, ഉപയോക്താക്കള്‍ക്കായി റെസ്യൂം തയാറാക്കല്‍, ഇന്റര്‍വ്യൂ പരിശീലനം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ സഹായവുമായാണ് എത്തുക. ബൂസ്റ്റ് യുവര്‍ റെസ്യൂമേ വിഭാഗത്തില്‍ റെസ്യൂമേയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എങ്ങനെ അതിനെ വ്യത്യസ്തമാക്കാം, ഏതു ജോലിക്കും ചേരുന്ന വിധത്തില്‍ എങ്ങനെ രൂപപ്പെടുത്താം എന്നതിനെപ്പറ്റിയെല്ലാം നിര്‍ദേശങ്ങളുണ്ടാകും. ഇതിനായി ഹ്രസ്വ പഠന വീഡിയോള്‍ സൗജന്യമായി നല്‍കും. ആദ്യ ഘട്ടത്തില്‍ ആറു മുതല്‍ 11 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള 13 കോഴ്സുകളാണു പുറത്തിറക്കുന്നത്.

ഭാവിയില്‍ കൂടുതല്‍ കോഴ്സുകള്‍ ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ പ്രീമിയം സേവനമാക്കി വരെ ലേണ്‍ വിത്ത് ഫെയ്‌സ്ബുക് മാറ്റാനാണു കമ്പനി ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ പ്രോമിസ്, ജിസിഎഫ് ഗ്ലോബല്‍, ഹോംബേസ്, ജാസ്എച്ച്ആര്‍, ഗ്ലാസ്ഡോര്‍, ഓപ്പണ്‍ ക്ലാസ്റൂംസ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം ഫെയ്‌സ്ബുക് പുറത്തിറക്കുന്നത്.

പ്രീമിയം മെമ്പര്‍മാര്‍ക്കു മാത്രം സേവനം ലഭ്യമാക്കുന്ന ലിങ്ക്ഡ്ഇന്നിന് കടുത്ത വെല്ലുവിളിയുമായാണ് ഫെയ്‌സ്ബുക്ക് എത്തുന്നത്.

chandrika: