പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.
അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.
കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.