ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെയുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ 50 ദിവസമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍കിബാത്തിലൂടെയാണ് മോദി ഇക്കാര്യം ആവര്‍ത്തിച്ചത്. നോട്ട് അസാധുവാക്കല്‍ നപടിക്ക് ശേഷമുള്ള ആദ്യ മന്‍കിബാത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇ പെയ്മന്റ് പോലുള്ള പണരഹിത വിനിമയ ഉപാധികള്‍ ഉപയോഗിക്കാന്‍ അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.
500ന്റെയും 1000ന്റെയും പുതിയ നോട്ടുകളുടെ കാര്യത്തിലാണ് പലരും എന്നോട് അന്വേഷിക്കുന്നത്, അവരോടായി ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, 50 ദിവസത്തിനുള്ളില്‍ എല്ലാ സാധാരണ നിലയിലാകും, മോദി തുടര്‍ന്നു. നോട്ടു അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു.
പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് ശരിയാകും. രാജ്യത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണ് നോട്ടുമാറ്റമെന്ന തീരുമാനമെടുത്തത്. ഇന്ത്യ അതിനെ വിജയകരമായി പൂര്‍ത്തിയാക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.