X

വിലങ്ങാടിനെ ചേര്‍ത്ത് പിടിച്ച് മുസ്‌ലിം ലീഗ്; മാനവികതയുടെ വിളംബരമായി സഹായ വിതരണ ചടങ്ങ്‌

വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് സംഭവിച്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതം പേറി കഴിയുന്ന കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സഹായധനം വിതരണം ചെയ്തു. അടിച്ചിപാറ, മഞ്ഞചീളി, മാടാഞ്ചേരി, കുറ്റല്ലൂര്‍, പാലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിത ബാധിതരായ 34 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതവും ഒഴുക്കില്‍പ്പെട്ട് മരിച്ച റിട്ട. അധ്യാപകന്‍ മാത്യുവിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.
നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി യുടെയും നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിത ബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി കൂടെയുണ്ടാകുമെന്ന് താമരശ്ശേരി രൂപത ബിഷപ്പിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് 610000 രൂപ സഹായ ധനമായി നല്‍കിയത്. വിലങ്ങാട് പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് മാനവികത യുടെ മഹിത സന്ദേശം വിളംബരം ചെയ്യുന്നതായി. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങിയത് പരക്കെ പ്രശംസിക്കപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മാത്യു മാസ്റ്ററുടെ കുടുംബത്തിനുള്ള സ്‌നേഹോപഹാരം ഭാര്യ ഷൈനി, മകന്‍ അഖില്‍ മാത്യു എന്നിവര്‍ക്ക് കൈമാറി. ദുരന്തമുഖത്ത് വേദന പേറി കഴിയുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സാമൂഹ്യ ബാധ്യതയാണെന്ന് പി എം എ സലാം പറഞ്ഞു. ആലംബഹീനര്‍ക്ക് അത്താണിയായി മാറാന്‍ മുസ്ലിംലീഗിന് സാധിക്കുന്നത് പാര്‍ട്ടി ഘടകങ്ങളുടെയും സുമനസ്സുകളുടെയും സഹകരണം കൊണ്ടാണ്. പ്രത്യേക ആപ്പ് വഴി വയനാട്ടിലേക്ക് കോടികള്‍ സമാഹരിക്കാന്‍ സാധിച്ചതും വിലങ്ങാട് ദുരിതബാധിത ര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കഴിഞ്ഞതും ജനങ്ങള്‍ നല്‍കിയ പിന്തുണയുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പില്‍ എം പി മുഖ്യാതിഥിയായി.

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലപ്പുറം ജീവകാരുണ്യ മേഖലയില്‍ മുസ്ലിം ലീഗ് നടത്തിവരുന്ന പ്രവര്‍ത്തന ങ്ങള്‍ എല്ലാവര്‍ക്കും വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫാദര്‍ വില്‍സണ്‍ മുട്ടത്തുകുന്നേല്‍ സ്‌നേഹ ഭാഷണം നടത്തി. പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ വലിയ മനസ്സുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഉമ്മര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുല്ല, സി പി ചെറിയ മുഹമ്മദ്, യു സി രാമന്‍, ദേശീയ അസി. സെക്രട്ടറി സികെ സുബൈര്‍, ജില്ലാ ഭാരവാഹികളായ അഹമ്മദ് പുന്നക്കല്‍, എസ് പി കുഞ്ഞമ്മദ്, കെ കെ നവാസ്, കെ ടി അബ്ദുറഹ്മാന്‍, സംസ്ഥാന സമിതി അംഗം സി വി എം വാണിമേല്‍, മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ കെ മൂസ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം കെ മജീദ്, സെക്രട്ടറി അഷ്‌റഫ് കൊറ്റാല തുടങ്ങിയവര്‍ സംസാരിച്ചു.

webdesk13: