X

തകര്‍ത്ത മസ്ജിദ് സന്ദര്‍ശിച്ചു; മുസ്്‌ലിംലീഗ് യുപി സംസ്ഥാന പ്രസിഡന്റ് ഡോ. മതീന്‍ ഖാനെ ജയിലിലടച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന മുസ്്‌ലിം ലീഗ് പ്രസിഡന്റ് ഡോ: മതീന്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്തും രഹസ്യമായി ഇന്നലെ പുലര്‍ച്ചെയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ബാരബങ്കി സബ് ജയിലില്‍ അടച്ചത്. നിരോധനാജ്ഞ്ഞ ലംഘിച്ചു, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ബാരബങ്കിയില്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം തകര്‍ത്തെറിഞ്ഞ ഗരീബിനവാസ് മസ്ജിദ് സന്ദര്‍ശിച്ച അവസരത്തിലായിരുന്നു അദ്ദേഹത്തെ രാംസനേഹിഗഡ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

നൂറിലേറെ വര്‍ഷം പഴക്കമുള്ള മസ്ജിദ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. ഗരീബി നവാസ് മസ്ജിദ് അനധികൃത നിര്‍മ്മാണമാണ് എന്നാരോപിച്ചാണ് നീക്കം. ഇതിനെതിരെ മുസ്്‌ലിം സംഘടനകള്‍ നല്‍കിയ പരാതിയിന്മേല്‍ മെയ് 31 വരെ പള്ളിയുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്് കാറ്റില്‍ പറത്തിയാണ് പ്രദേശവാസികളെ ഭയപ്പെടുത്തി മസ്ജിദ് പൊളിച്ചു മാറ്റിയത്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് യു.പിയില്‍ ഉയരുന്നത്. അറസ്റ്റ് നടന്ന ഇന്നലെ രാത്രി തന്നെ മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അടക്കമുള്ള നേതാക്കളള്‍ പൊലീസ് ഓഫീസറുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് മതീന്‍ ഖാനോടൊപ്പമുണ്ടായിരുന്ന മകനും എം.എസ്.എഫ് ജില്ലാ പ്രസിഡന്റുമായ സഅദ് ഖാന്‍, സഹോദരി പുത്രന്‍ കാമില്‍ ഖാന്‍, ലഖ്‌നൗ സിറ്റി മുസ്്‌ലിം ലീഗ് ഭാരവാഹികളായ അതീഖ്, മുഹമ്മദ് ഫാറൂഖ്, സുലൈമാന്‍ എന്നിവരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയതത്. ഇന്നലെ രാവിലെ റിമാന്റ് ചെയ്തതായി അറിയിച്ച ഉടനെ ജില്ലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം മുസ്്‌ലിംം ലീഗ് നേതൃത്വം സജീവമാക്കി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നിര്‍ദേശപ്രകാരം ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അതീഖ് ഖാന്‍ ബാരബങ്കിയിലെത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭാര്യ ആസിഫ, മകള്‍ റുക്‌സ എന്നിവരുമായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. പ്രമുഖ അഭിഭാഷകനായ നായബ് ഹൈദര്‍ റിസ്വി മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. മുസ്്‌ലിം ലീഗ് യു.പി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഉവൈസ്, ദേശീയ അസിസ്റ്റന്‍ന്റ് സെക്രട്ടറി അതീഖ് ഖാന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന വി.കെ ഫൈസല്‍ ബാബു, വൈസ് പ്രസിഡണ്ട് മുഹമ്മദ് ആരിഫ്, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൈകിട്ടോടെ ജാമ്യാപേക്ഷയിന്‍ മേല്‍ പ്രാഥമിക വാദം കേട്ട കോടതി ആള്‍ ജാമ്യത്തില്‍ വിട്ടയക്കുന്നതുള്‍പ്പെടെ തിങ്കളാഴ്ച പരിഗണിക്കാമെന്ന് പറഞ്ഞ് കേസ് മാറ്റി വക്കുകയായിരുന്നു.

web desk 1: