കോഴിക്കോട്: പൗരാവകാശ റാലിയുമായി ബന്ധപ്പെട്ടു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജനബാഹുല്യം കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കോഴിക്കോട്ട് സമാപന സംഗമം കടപ്പുറത്തേക്ക് മാറ്റിയത്. ശാഖാ കമ്മിറ്റികള്‍ മുതലുള്ള ഘടകങ്ങള്‍ വാഹനങ്ങള്‍ ബുക്ക് ചെയ്ത് നല്‍കിയ കണക്കുകള്‍ പ്രകാരം വന്‍ ജനപ്രവാഹം റാലിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് സൗത്ത് ബീച്ചിലെ മുഹമ്മദലി കടപ്പുറത്തുനിന്ന് മൂന്നു മണിക്ക് റാലി ആരംഭിക്കും.
ബീച്ച് വഴി ലയണ്‍സ് പാര്‍ക്കിനടുത്തുള്ള സമാപന സമ്മേളന നഗരിയിലേക്ക് പ്രകടനമായി റാലി എത്തിച്ചേരും. കണ്ണൂര്‍, കുറ്റിയാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന് പാവങ്ങാട് വെങ്ങാലി പുതിയാപ്പ വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യുക. പ്രവര്‍ത്തകര്‍ കാല്‍നടയായി റാലി പുറപ്പെടുന്ന സൗത്ത് ബീച്ചിലെ മുഹമ്മദലി കടപ്പുറത്ത് എത്തണം. മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര ഫറോക്ക്, മീഞ്ചന്ത ഫ്രാന്‍സിസ് റോഡ് വഴി സൗത്ത് ബീച്ചില്‍ ആളെ ഇറക്കി കോതി ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.
വയനാട്, താമരശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മലാപ്പറമ്പ്, എരഞ്ഞിപ്പാലം സരോവരം ക്രിസ്ത്യന്‍ കോളജ് ഗാന്ധി ഓവര്‍ ബ്രിഡ്ജ് കയറി ജംഗ്ഷനില്‍ ആളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം. മറ്റു പാര്‍ട്ടികളുടെ പരിപാടികളും നടക്കുന്നതിനാല്‍ പതാക കെട്ടാനും വരുന്ന പ്രദേശത്തിന്റെ പേരെഴുതി വാഹനങ്ങളില്‍ പതിക്കാനും പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രവര്‍ത്തകരാണ് കോഴിക്കോട് സംഗമിക്കുക.
തൃശൂരില്‍ റാലി 3 മണിക്ക് ശക്തന്‍ സ്റ്റാന്റില്‍നിന്ന് തുടങ്ങി വടക്കേ സ്റ്റാന്റിലെ അക്വേറ്റിക് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ സമാപിക്കും. പ്രവര്‍ത്തകര്‍ മൂന്ന് മണിക്ക് തന്നെ ശക്തന്‍ സ്റ്റാന്റിലെത്തണം. ഉച്ചക്ക് 2മണിക്ക് മുമ്പ് തന്നെ ബസുകള്‍ തൃശൂരിലേക്ക് പ്രവേശിക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്യണം. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകരാണ് തൃശൂരില്‍ സംഗമിക്കുക. വൈറ്റ് ഗാര്‍ഡ് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.