പഴയങ്ങാടി: പുരോഗമനത്തിന്റെ പേരില്‍ വിദ്യാഭ്യാസ മേഖലയിലും അനാവശ്യമായ പരിഷ്‌കാരങ്ങളാണ് അടിച്ചേല്‍പിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി. തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഴയങ്ങാടിയില്‍ മുസ്ലിംലീഗ് കല്ല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നവര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. മതേതര കക്ഷികള്‍ യോജിച്ചാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ ബദല്‍ മുന്നണി രൂപീകരിക്കാനാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നോട്ട് നിരോധനത്തോടെ കൂപ്പുകുത്തി തുടങ്ങിയിരിക്കുകയാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എസ്.കെ.പി സക്കരിയ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദലി ഹാജി, സെക്രട്ടറി കെ.ടി സഹദുല്ല, അന്‍വര്‍ സാദത്ത്, അഷ്‌കര്‍ ഫറോക്, റിജില്‍ മാക്കുറ്റി, മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ മാട്ടൂല്‍ പങ്കെടുത്തു.