X

പെരിന്തല്‍മണ്ണ അക്രമം: അടിയന്തരപ്രമേയ നോട്ടീസിനുള്ള അവതരണാനുമതി നിഷേധിച്ചു

പെരിന്തല്‍മണ്ണയിലെ മുസ്ലീം ലീഗ് ഓഫീസ് ആക്രമണം, പൊലീസ് അതിക്രമം എന്നിവയില്‍ ലീഗ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കി. എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അവതരണാനുമതി നിഷേധിച്ചു. ലീഗ് ഓഫീസിനെതിരായ അക്രമം അങ്ങേയറ്റം തെറ്റായ കാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം യു.ഡി.എഫ് നേതാക്കളെ പോസീല് ആക്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. പാര്‍ടി ഓഫീസ് തകര്‍ക്കുന്നത് കണ്ണ്ൂര്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയെന്നാരോപിച്ച് കെ.എം മാണിയും ഓ.രാജഗോപാലും ഇറങ്ങിപ്പോയി. ലീഗ് ഓഫീസ് തകര്‍ത്ത സംഭവം നിയമസഭയില്‍ ചര്‍ച്ചചെയ്യാത്തതതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം നടന്നത്. മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് എസ്.എഫ്.ഐ് അടിച്ചു തകര്‍ക്കുകയായിരുന്നു. അങ്ങാടിപ്പുറം പോളി ടെക്‌നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം നടത്തിയത്. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ അടഞ്ഞു കിടന്നിരുന്ന ഓഫീസിന്റെ ഒന്നാം നിലയിലെ ചില്ലുകള്‍ കല്ലെറിഞ്ഞു താഴെയിട്ടു. പിന്നീട് പൂട്ട് തകര്‍ത്ത് അകത്ത് കയറി അഴിഞ്ഞാട്ടം ആരംഭിച്ചു. ഓഫീസിലെ ഫര്‍ണീച്ചറുകള്‍, നമസ്‌കാര മുറി, ഫാന്‍, എ.സി, ഇലക്ട്രിക് സംവിധാനങ്ങള്‍, നേതാക്കളുടെ പടങ്ങള്‍, ബാത്ത് റൂം എന്നിവയെല്ലാം അരമണിക്കൂര്‍ നേരത്തെ അക്രമം കൊണ്ട് പൂര്‍ണ്ണമായും നശിപ്പിച്ചു. അക്രമ ശേഷം പ്രകടനമായെത്തി പട്ടാമ്പി റോഡിലെ സി.പി.എം ഓഫീസില്‍ അക്രമികള്‍ നിലയുറപ്പിച്ചു.

അക്രമത്തിന്റെ ശബ്ദവും ആക്രോശങ്ങളും കേട്ട് മുസ്‌ലിംലീഗ് ഓഫീസിനോടു ചേര്‍ന്നുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ പരിഭ്രാന്തരായി. ഈ സമയത്തെല്ലാം പൊലീസ് നഷ്‌ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമികള്‍ സി.പി.എം ഓഫീസില്‍ അഭയം തേടിയ ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയതുപോലും.

നേരത്തെ അങ്ങാടിപ്പുറം പോളി ടെക്‌നിക്ക് കോളജിലെ എം.എസ്.എഫിന്റെ കൊടിമരം നാലു തവണ എസ്.എഫ്.ഐ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് പുതിയ കൊടിമരം സ്ഥാപിക്കാനെത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് കോളജ് കാമ്പസ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി മുസ്‌ലിംലീഗ് ഓഫീസിലേക്ക് നീങ്ങുകയായിരുന്നു.

 

 

chandrika: