വഖഫ് ഭേദഗതി നിയമം അടിയന്തരമായി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രകോപനങ്ങൾ സൃഷ്ടിക്കാനാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ കേന്ദ്രം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കുറ്റപ്പെടുത്തി.
വഖഫ് നിയമ ഭേദഗതിയുടെ ഓരോ അണുവിലും ദുരുദ്ദേശ്യങ്ങൾ നിറച്ചുവെച്ചിരിക്കുകയാണെന്നും രാജ്യത്താകെയുള്ള അനേകം വഖഫ് സ്വത്തുക്കളിൽ കൈയേറ്റം നടത്താനുള്ളതാണ് പുതിയ നിയമമെന്നും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള യോഗത്തിൽ ബഷീർ പറഞ്ഞു.
പാർലമെന്റിനെ അസ്വസ്ഥമാക്കുന്നതും തെറ്റായ ദിശയിലേക്ക് നയിക്കുന്നതും തങ്ങളുടെ രാഷ്ട്രീയ ദുരുദ്ദേശ്യത്തിന് ഉപയോഗപ്പെടുത്തുന്നതും ഈ സർക്കാർതന്നെയാണെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയത നട്ടുപിടിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാർലമെന്റിന്റെ നന്മ കളങ്കപ്പെടുത്തിയ പാരമ്പര്യമാണ് ഈ സർക്കാറിനുള്ളത്. സർക്കാറിന്റെ പ്രവർത്തനങ്ങളിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.
പൗരത്വ നിയമം, ഏക സിവിൽ കോഡ് ഉൾപ്പെടെയുള്ള വിവിധ നടപടികൾ ആവനാഴിയിലെ അസ്ത്രങ്ങളായി വെച്ചിരിക്കുകയാണ്. മുസ്ലിംകളുടെ വെള്ളിയാഴ്ച ജുമുഅ പ്രാർഥനയിൽ എന്തെല്ലാം പറയണമെന്ന് മുൻകൂട്ടി സർക്കാറിനെ അറിയിക്കണമെന്ന് ഛത്തിസ്ഗഢ് സർക്കാർ ഈയിടെ നൽകിയ വിചിത്ര നിർദേശം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അവരുടെ ഇഷ്ടത്തിനനുസരിച്ച് പല നിയമനിർമാണങ്ങളും നടത്തിവരുകയാണെന്ന് വിമർശിച്ചു.