തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആരംഭിച്ച ജനകീയ പ്രതിരോധ ജാഥയെ നേതാക്കള്‍ തന്നെ പ്രതിസന്ധിയിലാക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ‘പ്രതിരോധത്തി’ലായി സി.പി.എം നേതൃത്വം. ജാഥയില്‍ വിശദീകരിക്കാന്‍ സി.പി.എം ലക്ഷ്യംവെച്ച വിഷയങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് അകന്നുപോകുകയും പ്രമുഖ നേതാക്കളുടെ വിവാദ പ്രസംഗങ്ങളും ധാര്‍ഷ്ട്യവും ഉയര്‍ന്നുവരികയും ചെയ്തതോടെയാണ് ജാഥ തന്നെ പ്രതിരോധത്തിലായത്.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ യൂസഫിനെ ‘ഫൈസല്‍ ബിന്‍ ലാദന്‍’ എന്നാക്ഷേപിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് വിവാദപ്രസംഗത്തിലൂടെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇതിന് മറപിടിക്കാന്‍ ശ്രമിച്ചെങ്കിലും പേരിന്റെയോ നിറത്തിന്റെയോ കാരണത്താല്‍ ആരെയും ആക്ഷേപിക്കുന്നത് പാര്‍ട്ടിനയമല്ലെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. ജാഥാനായകന്‍ തന്നെ മൈക്ക് ഓപ്പറേറ്ററെ അപമാനിച്ചത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കി. തൊഴിലാളി പാര്‍ട്ടിയുടെ നേതാവ് ഒരു സാധാരണ തൊഴിലാളിയോട് പരസ്യമായി കയര്‍ക്കുകയായിരുന്നു. ഇന്നലെയും ഇക്കാര്യത്തില്‍ തന്റെ ഭാഗം ന്യായീകരിക്കാനാണ് എം.വി ഗോവിന്ദന്‍ ശ്രമിച്ചത്.
ബ്രഹ്മപുരം പ്ലാന്റില്‍ മരുമകന്റെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം അറിഞ്ഞില്ലെന്ന് പറഞ്ഞ മുതിര്‍ന്ന നേതാവ് വൈക്കം വിശ്വനും വാര്‍ത്തകളില്‍ നിറയുന്നു. മകളുടെ ഭര്‍ത്താവിന് കരാര്‍ ലഭിച്ച വിവരം തീപിടുത്തമുണ്ടായ ശേഷമാണത്ര അദ്ദേഹം അറിയുന്നത്. ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യങ്ങള്‍ക്ക് തീയിട്ടത് ആരെന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സി.പി.എമ്മിനെയും ജാഥയെയും വൈക്കം വിശ്വനും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇനിയും അണയാത്ത തീയും ഇ.പി ജയരാജന്റെ നിസഹകരണവും സി.പി.എം ചര്‍ച്ചകളെ വഴിതിരിച്ച് വിട്ടിട്ടുണ്ട്.
വലിയ നേതാവല്ലെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഭരണതലത്തില്‍ പ്രധാനിയുമായി സി.എം രവീന്ദ്രനെ ഇ.ഡി മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത് പ്രതിരോധ ജാഥയുടെ ദിശമാറ്റി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായപ്പോള്‍, അദ്ദേഹം സര്‍വീസിലുള്ള ഉദ്യോഗസ്ഥനോ പാര്‍ട്ടി അംഗമോ അല്ല എന്ന ന്യായീകരണമാണ് എം.വി ഗോവിന്ദന്‍ നല്‍കിയത്. സി.എം രവീന്ദ്രന്റെ കാര്യത്തില്‍ പക്ഷേ, ചോദ്യം ചെയ്യല്‍ പുതുമയുള്ള കാര്യമല്ലെന്ന് നിസാരവല്‍ക്കരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ കേസില്‍ ഇടപാടിന് ഒത്താശ ചെയ്ത സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിരോധ ജാഥ മുന്നോട്ടുവെച്ച വിഷയങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന വിധത്തിലാണ് ഈ വിവാദം പടര്‍ന്നുകയറിയത്.
സ്വര്‍ണ- ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി, പെട്രോളിനും ഡീസലിനും രണ്ടുരൂപ നികുതി ചുമത്തിയത്, സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരുടെ വിദേശയാത്രകളും ധൂര്‍ത്തും തുടങ്ങി ജനജീവിതം ദുസ്സഹമായ ഘട്ടത്തിലാണ് സ്വയം പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് സി.പി.എം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് നിന്നാരംഭിച്ച ജാഥ, കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഓരോ ദിവസവും വാര്‍ത്താസമ്മേളനങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് താനടക്കമുള്ള നേതാക്കളുടെ പിഴവുകള്‍ വിശദീകരിക്കേണ്ടിവരുന്നത് വിചിത്രമാണ്.