ഒരുമിച്ച് നിന്ന നേതാക്കൾ മൂന്ന് ചേരിയിലായി ചിതറിയതോടെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷം. പാർട്ടിയെ മോശപ്പെടുത്തുന്ന പ്രവണതകൾ നേതാക്കളിൽ നിന്നുണ്ടാകുന്നു എന്ന വിമർശനമാണ് സമ്മേളനങ്ങളിൽ പ്രധാനമായും ഉയരുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച നേതാക്കൾ പാർട്ടിക്ക് ബാധ്യതയാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
നേതാക്കളുടെ ബി.ഡി.ജെ.എസ് ബന്ധം, ബി.ജെ.പിയിലേക്കുള്ള വോട്ട് ചോർച്ച എന്നിവയും ചർച്ചയാകുന്നു. വിഭാഗീയത ശക്തമായതോടെ പല ബ്രാഞ്ച് സമ്മേളനങ്ങളും നിർത്തിവെക്കേണ്ടി വന്നതും നേതാക്കൾക്ക് പാർട്ടി ഘടകങ്ങളിൽ സ്വാധീനം നഷ്ടമായതിന്റെ സൂചനയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
സംസ്ഥാന തലത്തിലെ ചേരിതിരിവ് കാലത്ത് പോലും സംഭവിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കൃഷ്ണപുരം ലോക്കൽ സമ്മേളനത്തിൽ തെറ്റായ ഇടപെടലുകൾ നടന്നതായ ആക്ഷേപവും ശക്തമാണ്. പകരം പ്രതിനിധിയായിരുന്ന മുതിർന്ന പ്രവർത്തകൻ രഘുനാഥൻ പിള്ളയെ ഭീഷണിപ്പെടുത്തി സമ്മേളനത്തിൽ നിന്നും പുറത്താക്കിയതും വിമർശനത്തിനിടയാക്കി. ഏരിയയിലെ ആദ്യ സമ്മേളനത്തിൽ തന്നെ കല്ലുകടിയുണ്ടായതിലും നേതൃത്വം അസംതൃപ്തിയിലാണ്.
ഇതിനിടെ പാർട്ടിയിലെ അപചയങ്ങൾ ചൂണ്ടികാട്ടി സേവ് സി.പി.എം ഫോറത്തിന്റെ പേരിൽ ഇറങ്ങിയ നോട്ടിസിലൂടെ പാർട്ടിക്കുള്ളിൽ പുകയുന്ന അസംതൃപ്തി പരസ്യ പോരിന് വഴിമാറുകയാണ്. പാർട്ടിക്കായി മുഴുവൻ സമയവും കഷ്ടപ്പെടുന്നവരെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുന്നതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. സ്ഥാപിത താൽപര്യക്കാരെയും നേതാക്കളുടെ ഇഷ്ടക്കാരെയും തിരുകി കയറ്റുന്നതിനെയും വിമർശിക്കുന്നു. ബി.ജെ.പിയുടെ വളർച്ചയെ പ്രതിരോധിക്കുന്ന തരത്തിൽ സംഘടന സംവിധാനം മെച്ചപ്പെടുത്തുന്നതിലും വീഴ്ച വരുത്തി.
പാർട്ടിക്ക് വേരോട്ടമുള്ള നാട്ടിൽ ദലിത്-പിന്നാക്ക വിഭാഗങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ബോധപൂർവം ശ്രമങ്ങളുണ്ടാകുന്നു. പട്ടികജാതി സഖാക്കളുടെ വിവാഹ ചടങ്ങിൽ പച്ച വെള്ളം പോലും കുടിക്കാതെ അയിത്തം കാട്ടുന്ന നേതാക്കളാണ് പാർട്ടിയിലുള്ളതെന്ന ഗുരുതര ആരോപണവും നോട്ടിസിലൂടെ ഉയർത്തുന്നു. വരും ദിവസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ വിഷയം കൂടുതൽ ചർച്ചയാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.