കോഴിക്കോട്: ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന നേതൃസംഗമവും സമര പ്രഖ്യാപനവും നവംബർ 30ന് 2 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എൽ.ജി.എം.എൽ ജില്ലാ കമ്മിറ്റി അംഗങ്ങളും കോഴിക്കോട് ജില്ലയിൽ നിന്നുള്ള തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, ഉപാധ്യക്ഷൻമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പാർലമെന്ററി പാർട്ടി ലീഡർമാർ എന്നിവരുമാണ് സംഗമത്തിൽ പങ്കെടുക്കേണ്ടത്. ഫണ്ട് അനുവദിക്കാതെയും അധികാരങ്ങൾ കവർന്നെടുത്തും തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ സമീപനത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് സംഗമം രൂപം നൽകും.
മുസ്‌ലിം ലീഗ് ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുതിയ മാതൃകകൾ അവതരിപ്പിക്കുന്നതിനുമുളള കർമ്മ പരിപാടികളെ കുറിച്ചും സംഗമം ചർച്ച ചെയ്യും.
സംസ്ഥാന സംഗമത്തിന് മുന്നോടിയായി എൽ.ജി.എം.എൽ ജില്ലാ ജനപ്രതിനിധി സംഗമങ്ങൾ പൂർത്തീകരിക്കും. സംഗമത്തിൽ ജില്ലാ കമ്മിറ്റികൾ നിലവിൽ വരും.
ജില്ലാ സംഗമങ്ങൾക്ക് ഇന്ന് (ബുധൻ) തൃശൂരിൽ തുടക്കമാവും. വൈകീട്ട് 3 മണിക്ക് തൃശൂർ ലീഗ് ഹൗസിലാണ് സംഗമം,കണ്ണൂർ ജില്ലാ സംഗംമം 18ന് 3 മണിക്ക് കണ്ണൂർ ലീഗ് ഹൗസിലും പാലക്കാട് നവംബർ 19ന് 2.30ന് കരിമ്പുഴയിലും വയനാട് 21ന് 2 മണിക്ക് കൽപ്പറ്റ ലീഗ് ഹൗസിലും കാസർഗോഡ് 23ന് 11 മണിക്ക് കാസർഗോഡ് മുനിസിപ്പൽ ഹാളിലും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ സംയുക്ത സംഗമം 23ന് 3 മണിക്ക് ആലപ്പുഴയിലും മലപ്പുറം 28ന് 10.30ന് മലപ്പുറത്തും നടക്കും.