X

നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു ബിജെപി അങ്കലാപ്പില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പടുത്തതോടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിടുന്നത് ബിജെപിയെ ആശങ്കയിലാക്കി. എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് ആഘോഷമാക്കുമ്പോഴും ബിജെപിയുടെ കാലിനടിയിലെ മണ്ണൊലിപ്പ് തുടരുന്നത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും പ്രമുഖ നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിയെ വെട്ടിലാക്കി ഗുജറാത്തിലെ വനിത നേതാവ് പാര്‍ട്ടി വിട്ടു. പട്ടീദാര്‍ നേതാവും ഹാര്‍ദിക് പട്ടേലിന്റെ സഹപ്രവര്‍ത്തകയുമായ രേഷ്മ പട്ടേലാണ് ബി.ജെ.പിയില്‍ നിന്നും രാജി വെച്ചത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പോര്‍ബന്തര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് രേഷ്മ വ്യക്തമാക്കി. രേഷ്മയുടെ രാജി ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായ രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി.ജെ.പിക്ക് കൂടുതല്‍ തലവേദനയായിരിക്കുകയാണ്.
ബി.ജെ.പി എപ്പോഴും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് രേഷ്മ പറയുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി മാറിയിരിക്കുകയാണ് ബിജെപിയെന്നും രേഷ്മ പട്ടേല്‍ പറഞ്ഞു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് രേഷ്മ തന്റെ രാജിക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ പാവപ്പെട്ട ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അത് തുറന്നു കാണിക്കാനാണ് മത്സരിക്കുന്നതെന്നുമാണ് രേഷ്മ പറയുന്നത്. ഗുജറാത്ത് ബിജെപിയില്‍ വലിയ പൊട്ടത്തെറികള്‍ക്ക് രേഷ്മയുടെ രാജി കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് കണ്ഡൂരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡെഹ്‌റാഡൂണില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് മനീഷ് പറഞ്ഞു. അച്ഛന്റെ ആശീര്‍വാദത്തോടെയാണ് താന്‍ പാര്‍ട്ടിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
16ാമത് ലോക്‌സഭയിലെ ഗര്‍വാളില്‍ നിന്നുള്ള എം.പിയാണ് ബി.സി. ഖണ്ഡൂരി. റിട്ട. ആര്‍മി ജനറല്‍ ആയ അദ്ദേഹം 2007-2009 കാലഘട്ടത്തിലും 2011-2012 കാലയളവിലും ഉത്തരാഘണ്ഡ് മുഖ്യമന്ത്രിയായിരുന്നു. വാജ്‌പേയ് ഭരണകാലത്ത് കേന്ദ്ര മന്ത്രിസഭയിലും ഇദ്ദേഹം ഉണ്ടായിരുന്നു. പാര്‍ലമെന്ററി സറ്റാന്‍ഡിങ്ങ് കമ്മിറ്റിയിലും ഇദ്ദേഹമുണ്ടായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ പിതാവ് ബി.സി ഖണ്ഡൂരി പ്രതിനിധീകരിക്കുന്ന പൗരി ഗര്‍വാള്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് മനീഷിന്റെ നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലിന്റെ മകന്‍ ശൗര്യ ഈ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്തകളും സജീവമാണ്. ഇതോടെ പൗരി മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് വെറ്ററന്‍ ദേവി സിംഗ് ഭാട്ടിയെയും പാര്‍ട്ടി വിട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി ശ്യാമചരണ്‍ ഗുപ്ത പാര്‍ട്ടി വിട്ട് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ശ്യാമചരണ്‍ ബന്ദ സീറ്റില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. അലഹബാദിലെ പ്രയാഗ് രാജ് ലോകസഭാഗംമാണ് ചരണ്‍ ഗുപ്ത. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ ഗുപ്തയുടെ കൂറുമാറ്റം ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അസമില്‍ മുതിര്‍ന്ന നേതാവും സിറ്റിങ് എംപിയുമായ റാം പ്രസാദ് ശര്‍മയുടെ രാജിയും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ 29 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാം പ്രസാദ് ശര്‍മ അസ്സം ഗോര്‍ഖ സമ്മേളന്‍ അധ്യക്ഷന്‍ കൂടിയാണ്.
അതിനിടെ ടോം വടക്കന്റെ ബി.ജെ.പി പ്രവേശം പാര്‍ട്ടിക്ക് തലവേദനയാവുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. പ്രതിപക്ഷത്ത് നിന്ന് വരുന്ന എല്ലാവരേയും ബി.ജെ.പിയിലേക്ക് എടുക്കണ്ടതില്ലെന്ന് ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം വന്നിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

web desk 1: