X

നേതാക്കളുടെ പണപ്പിരിവ്; സി.പി.ഐക്ക് രൂക്ഷവിമര്‍ശനം

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ സി.പി.ഐയെ കടന്നാക്രമിച്ച് സിപിഎം. റവന്യു വകുപ്പിന്റെ പേരില്‍ സി.പി.ഐ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്നും, പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

എല്ലാത്തിന്റെയും നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍ മാത്രമാണ് സി.പി.ഐക്ക് ഉത്സാഹം. എന്നാല്‍ തെറ്റുകള്‍ സി.പി.എമ്മിന്റേത് മാത്രമാകുകയാണ്. പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്ക് അരങ്ങൊരുക്കിയെന്ന് ഇടുക്കിയില്‍ നിന്നുള്ള പ്രതിനിധി ആരോപിച്ചു. സി.പി.ഐക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നും പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു. ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം വേണ്ട ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു.

ഇടത് സര്‍ക്കാര്‍ നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പൊലീസ് നടപടികളില്‍ പാര്‍ട്ടി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ പൊലീസ് നടപ്പാക്കേണ്ടത് ഇടതു നയമല്ലെന്നും സര്‍ക്കാര്‍ നയമാണെന്നും പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കാലത്തും ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സെക്രട്ടറി ന്യായീകരിച്ചു.

Test User: