കോഴിക്കോട്: ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എം.എല്‍. എയുമായ ജോര്‍ജ് എം തോമസ്. ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിര്‍ക്കാനാവില്ല. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ട്. ഡി.വൈ.എഫ.്‌ഐ നേതാവ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം.
എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജോയ്‌സ്‌ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷിജിന്‍ ജോയ്‌സ്‌നയുമായി ഒളിവില്‍ കഴിയുന്നതെന്നും ജോയ്‌സ്‌നയുടെ കുടുംബം വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിന്‍ എം.എസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജോയ്‌സ്‌ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സഊദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോയ്‌സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്‍പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
ഷിജിന്‍ ജോയ്‌സ്‌നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോര്‍ജ് എം തോമസ് വിമര്‍ശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജോയ്‌സ്‌ന 15 ദിവസം മുമ്പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷിജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും.
അതേസമയം ലൗ ജിഹാദ് വിവാദം തള്ളി ജോയ്‌സനയും ഷിജിനും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തില്‍ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. പല സംഘടനകളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ട്. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ഷിജിന്‍ പറഞ്ഞു. അതേസമയം, ഇന്നലെ രാവിലെ ദമ്പതികള്‍ കോടതിയില്‍ ഹാജരായി മാതപിതാക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹമില്ലെന്ന് ജോയ്‌സന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയച്ചു.