X

സിഖ് പരാമർശം: സത്യം സഹിക്കാൻ കഴിയാത്തതിനാൽ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

യു.എസ് പര്യടനത്തിനിടെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പതിവ് പോലെ ബി.ജെ.പി നുണ പറയുകയാണെന്നും സത്യം സഹിക്കാനാവാതെ അവര്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും സഹോദരിമാരോടും ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഓരോ സിഖുകാര്‍ക്കും ഓരോ ഇന്ത്യക്കാരനും അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകേണ്ടതല്ലേ ഇന്ത്യ?,’ എന്നും രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു.

ഇന്ത്യയെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി താന്‍ എപ്പോഴും സംസാരിക്കുമെന്നും നാനാത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലും നമ്മുടെ ഐക്യമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. യു.എസിലെ സിഖ് പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം കൂടിയാണ് ഇത്.

കഴിഞ്ഞ ദിവസം സിഖുകാരുടെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഛത്തീസ്ഗഢില്‍ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. രണ്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്.

രാഹുല്‍ ഗാന്ധി സിഖ് ആചാരങ്ങളെ അവഹേളിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി. പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ യു.എസില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍. ബി.എന്‍.എസ് സെക്ഷന്‍ 299 (മതവിശ്വാസങ്ങളെ മനഃപൂര്‍വം അപമാനിക്കല്‍), 302 (മതവികാരം വ്രണപ്പെടുത്താല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.

സെപ്റ്റംബര്‍ ഒമ്പതിന് അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ സിഖുകാരെ ഉദ്ധരിച്ച് സംസാരിക്കുന്നത്.

സിഖുകാരനായ ഒരു വ്യക്തിക്ക് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ യു.എസില്‍ ചോദിച്ചത്. ഈ ചോദ്യങ്ങളിലൂടെ സിഖുകാര്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍ പ്രസ്തുത പരാമര്‍ശത്തില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചതില്‍ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തിരുന്നു. ബെംഗളൂരു പൊലീസിന്റേതായിരുന്നു നടപടി. കോണ്‍ഗ്രസ് കര്‍ണാടക നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

webdesk13: