X

വിലാപങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ നേതാവ്-പി.എം.എ സലാം

സ്വതന്ത്ര ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരിലൊരാളും മുസ്‌ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ട്രഷററുമായിരുന്ന മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ ദീപ്തമായ ഓര്‍മകള്‍ നമ്മിലേക്കെത്തുന്ന സാഹചര്യത്തിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് ഭരണാധികാരികളുടെ മൂക്കിനു താഴെ ജഹാംഗിര്‍പൂരില്‍ ഭരണകൂട ഭീകരതയുടെ മര്‍ദ്ദന ഉപകരണമായി മുസ്‌ലിംകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ആക്രമണം നടക്കുമ്പോള്‍ അവിടെ നിന്ന് ഉയരുന്ന കുടുംബനാഥന്മാരുടെ വിലാപവും സ്ത്രീകളുടെ കണ്ണീരും കുട്ടികളുടെ കൂട്ടക്കരച്ചിലുകളും നമ്മുടെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നതാണ്. അവിടേക്ക് ഓടിയെത്തി ഇരകളെ ആശ്വസിപ്പിച്ച മുസ്‌ലിംലീഗ് നേതാക്കളുടെ ഇടപെടല്‍ ഏറെ ആശ്വാസകരവും അഭിമാനവുമാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ മനസിലേക്ക് നാമറിയാതെ ഓടിയെത്തുന്ന മുഖങ്ങളാണ് സേട്ട്‌സാഹിബും ബനാത്ത് വാല സാഹിബും അഹമ്മദ് സാഹിബും. സേട്ട് സാഹിബിന്റെ മനസില്‍ മുസ്്‌ലിം ഇന്ത്യയുടെ ഭൂപടം എപ്പോഴും തെളിഞ്ഞ് നിന്നിരുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കിരയാകുന്ന സ്ഥലങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടാകും ആ മനസ്സില്‍. 1960 ന് ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രവും സേട്ട് സാഹിബിന്റെ ചരിത്രവും ഇഴപിരിക്കാനാവാത്തതാണ്. രണ്ടായിരാമാണ്ട് വരെയുള്ള നാല് പതിറ്റാണ്ടിനിടയില്‍ മുസ്‌ലിം ഇന്ത്യയുടെ ഏത് പ്രശ്‌നത്തിലും പടനായകന്റെ റോളിലായിരുന്നു സേട്ട് സാഹിബ്. 1961ല്‍ ജബല്‍പൂരില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കലാപ ഭൂമിയില്‍ ഓടിയെത്തി ഇരകള്‍ക്ക് ആശ്വാസം പകരാന്‍ സേട്ട് സാഹിബ് ഉണ്ടായിരുന്നു. 1983 ഫെബ്രുവരിയില്‍ അസമിലെ നെല്ലിയില്‍ മുസ്്‌ലിംകളെ കൂട്ടക്കൊല നടത്തിയ വര്‍ഗീയ കലാപ ഭൂമിയിലേക്ക് കടന്നുചെല്ലാന്‍ സേട്ട് സാഹിബ് കാണിച്ച ധീരതയെ അന്ന് എല്ലാവരും പ്രശംസിച്ചിരുന്നു.

1944 മെയ് മാസത്തില്‍ പൊന്നാനിയില്‍ വെച്ച് നടന്ന മലബാര്‍ ജില്ലാ എം.എസ്.എഫ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗമാണ് സേട്ട് സാഹിബിലെ പ്രതിഭയെ കൂടുതല്‍ പ്രശസ്തനാക്കിയത്. കെ.എം സീതി സാഹിബ് പരിഭാഷകനായി ആ വേദിയില്‍ നിന്നപ്പോള്‍ സേട്ടു സാഹിബിന്റെ പ്രായം 22 വയസായിരുന്നു. കേരളപ്പിറവിക്കുശേഷം പ്രഥമ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്റും കെ.എം സീതി സാഹിബ് ജനറല്‍ സെക്രട്ടറിയും സേട്ട് സാഹിബ് ട്രഷററുമായി ഭാരവാഹികള്‍ ചുമതലയേറ്റു.

1960 ല്‍ രാജ്യ സഭാംഗമായി തിരഞ്ഞെടുത്തതോടുകൂടി രാജ്യ തലസ്ഥാനം കേന്ദ്രമാക്കി മുസ്‌ലിംലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിത്തുടങ്ങി. മാസങ്ങളുടെ ചെറിയ ഇടവേള ഒഴിച്ചാല്‍ 1960 മുതല്‍ തുടര്‍ച്ചയായി മുപ്പത്തഞ്ച് വര്‍ഷക്കാലം പാര്‍ലമെന്റംഗമായി സേട്ട് സാഹിബ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത അപൂര്‍വം നേതാക്കളിലൊരാളാണ്. ലോക്‌സഭയിലേക്ക് ഡബിള്‍ ഹാട്രിക് വിജയം നേടിയ ജനനായകന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്്‌റു മുതല്‍ എ.ബി വാജ്‌പേയി വരെയുള്ള പ്രധാനമന്ത്രിമാരുമായി നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചു. കെ.ആര്‍ നാരായണന്‍ വരെയുള്ളവരുമായും അടുത്ത ബന്ധമായിരുന്നു സേട്ട് സാഹിബിന്. മുന്‍ പ്രസിഡന്റുമാരായിരുന്ന സാക്കിര്‍ ഹുസൈനുമായും ഫക്രുദ്ദീന്‍ അലി അഹമ്മദുമായും അലിഗഡ് മുസ്്‌ലിം യൂനിവാഴ്‌സിറ്റി, ജാമിഅ മില്ലിയ, ഉര്‍ദു ഭാഷയുടെ പുരോഗതി എന്നീ വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു.

1967 ല്‍ കോഴിക്കോട് നിന്നാണ് ആദ്യമായി ലോക്‌സഭാംഗമാകുന്നത്. 1971 ല്‍ മഞ്ചേരിയില്‍ നിന്നു മത്സരിച്ച് എം.പിയായി. 1991 വരെ മഞ്ചേരിയിലായിരുന്നു മത്സരം. 1991 ജൂണില്‍ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നാണ് എം.പിയായത്. ദീര്‍ഘകാലം മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗമായ സേട്ട് സാഹിബ് ഏത് മുസ്്‌ലിം വിഷയത്തിലും ഭരണകൂടവുമായി സംസാരിക്കാന്‍ മുസ്്‌ലിം സംഘടനകളും നേതാക്കളും സേട്ട് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു അധികാരികളെ സമീപിച്ചിരുന്നത്. ബാബരി മസ്ജിദിന്റെ പതനത്തെതുടര്‍ന്ന് മുസ്്‌ലിം നേതാക്കള്‍ സേട്ട് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചതും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതും. 1980 ലെ ശരീഅത്ത് വിവാദ കാലത്ത് ശരീഅത്ത് സംരക്ഷണ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് സേട്ട് സാഹിബും ബനാത്ത് വാല സാഹിബുമായിരുന്നു. ഷാബാനുബീഗം കേസിനെ തുടര്‍ന്ന് ശരീഅത്ത് നിയമം പുനസ്ഥാപിക്കുന്നതിനു വേണ്ടി ബനാത്ത് വാല സാഹിബ് അവതരിപ്പിച്ച ക്രിമിനല്‍ നടപടി ക്രമ ഭേദഗതി ബില്ല് ചരിത്രം സൃഷ്ടിച്ചു. ബനാത്ത് വാല സാഹിബിനോട് ഇത് അവതരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് സേട്ട് സാഹിബാണ്. രണ്ട് എം.പിമാര്‍ മാത്രമുള്ള നമ്മള്‍ ഇത് അവതിരപ്പിച്ചിട്ടെന്ത് കാര്യം? ആരാണ് നമ്മെ പിന്തുണക്കുക എന്ന് ബനാത്ത് വാല സാഹിബ് ചോദിച്ചപ്പോള്‍ ശുഭാപ്തി വിശ്വാസക്കാരനായ സേട്ടു സാഹിബ് പറഞ്ഞത് ആരും പിന്തുണക്കാനില്ലെങ്കിലും അല്ലാഹു നമ്മെ സാഹിയിക്കുമെന്നായിരുന്നു. ഒരു വര്‍ഷത്തോളം തുടര്‍ന്ന വാഗ്വാദങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബില്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഭാഗത്തുനിന്ന് അവതരിപ്പിച്ചു പാസാക്കുകയായിരുന്നു. സമുദായവും വിശാവസവുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തോടെയായിരുന്നു സേട്ടു സാഹിബ് എന്നും നിലപാടുകളെടുത്തിരുന്നത്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും നേടിയ ബിരുദങ്ങള്‍ ഇന്ത്യയിലെ മുസ്്‌ലിംകളെ ധീരമായി നയിക്കാന്‍ അദ്ദേഹത്തിനു കരുത്തായി.

2005 ഏപ്രില്‍ 27ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം ഇന്ന് മുസ്്‌ലിംലീഗിന്റെ കര്‍മരംഗത്ത് സജീവമാണ്. ദീര്‍ഘകാലം പൊതുരംഗത്ത് നിലനിന്നിട്ടും കൈവിടാത്ത വിനയവും ലാളിത്യവും സത്യസന്ധതയുമാണ് സേട്ടു സാഹിബിന് ജനമനസ്സുകളില്‍ ഇടം നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണകൂടം മുസ്്‌ലിം ന്യൂനപക്ഷത്തെ വേട്ടയാടുമ്പോള്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബിന്റെ ഓര്‍മകള്‍ നമ്മെ കര്‍മനിരതരാക്കുക തന്നെ ചെയ്യും.

Chandrika Web: