കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാകുന്നു. എന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നിയമസഭ പ്രസംഗവും, വാർത്താ സമ്മേളനവും, നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ പങ്കു വച്ച ജി.എസ്.ടി വകുപ്പ് ജീവനക്കാരനും, സർവ്വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ (എസ്.ഇ.യു.) സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. അഷറഫ് മാണിക്യത്തെയും ജി എസ് ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും സസ്പെന്റു ചെയ്ത നടപടി അപലപനീയം ആണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് ഡോ. എം കെ മുനീർ പ്രസ്താവിച്ചു
സഭാ റ്റി വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് അഷറഫ് മാണിക്യം സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. ഇത് സർക്കാർ നയങ്ങളേയും, മന്ത്രിമാരെയും വിമർശിക്കുന്ന തരത്തിലും, അപകീർത്തിപ്പെടുത്തുന്നതുമാകയാൽ 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 ( എ ) യുടെ ലംഘനമാണന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെന്റു ചെയ്തത്
സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും പോസ്റ്റുകൾ ഷെയർ ചെയ്താൽ അച്ചടക്ക നടപടിക്കു കാരണമായി പരിഗണിക്കാൻ പാടില്ല എന്ന സുപ്രിം കോടതി ഉത്തരവുകൾ പോലും പരിഗണിക്കാതെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നുമാത്രമല്ല അതിനെതിരെ പ്രതികരിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഉയർന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേരള പൊതു സമൂഹവും, വാർത്ത മാധ്യമങ്ങളും ആവേശത്തോടെ ഏറ്റെടുത്തതാണ് . ഈ പ്രസംഗം ഫോർവേർഡ് ചെയ്തതിന്റെ പേരിൽ ഒരു ജീവനക്കാരനെ സസ്പെന്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും, ജീവനക്കാരന്റെ മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്.
ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവ കാശങ്ങൾ ആവശ്യപ്പെടുന്ന ജീവനക്കാരുടെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ ഫാസിസമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. നീതി നിഷേധങ്ങൾക്കു നേരെ ശബ്ദമുയർത്തുകയും, അതിനെതിരെ സംസാരിക്കുകയും ചെയ്യുന്ന സർവ്വീസ് സംഘടന നേതാക്കളെ തെരഞ്ഞുപിടിച്ച് സസ്പെൻഷൻ ഉൾപ്പടെയുള നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാരിന്റെ നീക്കം യുഡിഎഫ് ആവശ്യമെങ്കിൽ ഏറ്റെടുക്കുമെന്നും മുനീർ പ്രസ്താവിച്ചു.