അങ്ങിനെ കേരളം നേരിട്ട ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്. സംസ്ഥാനത്തെ മുച്ചൂടും മുടിച്ച പിണറായി സര്‍ക്കാറില്‍ മന്ത്രിമാര്‍ മാറാന്‍ പോകുന്നു. പിറകിലെ ടയര്‍ മുന്നിലേക്കും മുന്നിലെ ടയര്‍ പിറകിലേക്കും തള്ളി മാറ്റി ക്യാന്‍സറിന് മഞ്ഞള്‍ ചികിത്സ പോലൊരു പ്രയോഗം. ഒറ്റക്ക് നിന്നാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ കെല്‍പില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികളൊക്കെ മന്ത്രിസ്ഥാനമെന്ന് കേട്ടതോടെ തലപൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളം കണ്ട കൊടും ചതിയുടെ അണിയറക്കാരനും സിനിമാതാരം കൂടിയായ കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുഖ്യധാരയില്‍നിന്നും കുറേക്കാലമായി പുറത്തായ ടിയാന്‍ ഇടക്കിടക്ക് വാര്‍ത്തകളില്‍ സ്‌പേസ് തേടി സ്വന്തം മുന്നണിക്കെതിരെ നെടുങ്കന്‍ പ്രസ്താവനകള്‍ ഇറക്കും, പിന്നീട് കുറേ കാലം തന്ത്രപരമായ മൗനത്തിലും.
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് വിവാദ പരാതിക്കാരി എഴുതിയ കത്തില്‍ വരുത്തിയ മാന്ത്രികന്‍. ഗണേശന്‍ ജനാധിപത്യത്തെ വ്യഭിചരിച്ചുവെന്നും പെണ്ണിനോടും പണത്തിനോടും ആര്‍ത്തിയെന്നും നാണമില്ലാതെ മന്ത്രിയാകാന്‍ നടക്കുന്നുവെന്നും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച കാശ് കിട്ടാത്ത ഈര്‍ക്കിലി പാര്‍ട്ടി നേതാവാണെന്നും പറഞ്ഞത് വെള്ളാപ്പള്ളി നടേശനാണെങ്കിലും സംഗതിയില്‍ ശ്ശി ഉണ്ടുതാനും. പക്ഷേ ഇതേ വെള്ളാപ്പള്ളി നടേശന്റെ മകന്റെ പാര്‍ട്ടിയും സമാന ഈര്‍ക്കില്‍ പാര്‍ട്ടിയാണെന്നതിനാല്‍ ഈ പ്രസംഗത്തില്‍ വലിയ കാര്യമൊന്നുമില്ല..
വിവാദ സോളാര്‍ നായികയും മുന്‍മന്ത്രിയും ഇപ്പോള്‍ മന്ത്രിയാവാന്‍ കൊണ്ടുപിടിച്ച് നടക്കുന്നയാളുമായ ഗണേഷ് കുമാറും സി.പി.എമ്മിന് ആവശ്യം വരുമ്പോഴെല്ലാം യഥാവിധി എടുത്ത് ഉപയോഗിക്കാന്‍ പാകത്തിലുള്ള വിവാദ ദല്ലാളും ശരണ്യ മനോജും ചേര്‍ന്ന് വ്യാജമായി നിര്‍മിച്ച ലൈംഗിക പീഡന പരാതി വെച്ചാണ് പിണറായി സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തേണ്ടിവന്നത് എന്ന് കോടതിയില്‍ അന്വേഷണം കഴിഞ്ഞ് സി.ബി.ഐതന്നെ പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. മന്ത്രിപ്പണിക്കായി ഗണേഷ് ഏതറ്റം വരെ പോകുമെന്നതിന്റെ കൃത്യമായ തെളിവുകൂടിയാണ്. നിരപരാധിയായ ഒരാള്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ഗുരുതരമായ ആരോപണം ഫോര്‍ജ് ചെയ്യുന്നത് കോടതിവഴി തന്നെ തിരിച്ചു കേസാക്കിയ വിദ്വാന്‍മാരെയൊക്കെ ജയിലില്‍ കയറ്റുകയാണ് വേണ്ടത്.
ഗണേഷ്‌കുമാര്‍ സ്വയം തന്നെ താന്‍ സത്യവാനാണെന്നാണ് നിയമസഭയിലടക്കം പറഞ്ഞത്. ഇത് അക്ഷരം പ്രതി തെറ്റാണെന്ന്് പുള്ളിയുടെ ചെയ്തികളും പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണ പിള്ളയുടെ മൊഴികളും എന്നോ തെളിയിച്ചതാണ്. ഗണേഷ് കാരണം മാസം 25000 രൂപ വിവാദ സോളാര്‍ നായികക്ക് ജീവനാംശം പോലെ കൊടുക്കാറുണ്ടെന്നു ബാലകൃഷ്ണപിള്ളതന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വഴിയിലൂടെ പോകുന്നവര്‍ക്ക് ആരും ജീവനാംശം കൊടുക്കില്ലല്ലോ?. തൊഴില്‍ സിനിമാ അഭിനയമായതിനാല്‍ ഏത് റോളിലും അഭിനയിക്കാനറിയും. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നായതിനാല്‍ ഗണേഷിനെ കൈവിടാനും ആവില്ല. കാരണം ഇതേ ഗണേഷും സംഘവും നിര്‍മിച്ച സോളാര്‍ വിവാദമാണല്ലോ ഇടത് സംഘത്തിന് ഭരണം ഉറപ്പാക്കിയത്.
ഗണേഷ് ഒരു ഭാഗത്ത് മന്ത്രിസ്ഥാനത്തിനായി ചരട് വലിക്കുമ്പോള്‍ മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളും അടങ്ങിയിരിക്കാന്‍ റെഡിയല്ല. റഷ്യന്‍ വിപ്ലവം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ലെനിനിസവും ബോള്‍ഷവികുമൊക്കെയായി തുടരുന്ന ആര്‍.എസ്.പി (എല്‍) എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനും എന്‍.സി.പി എം.എല്‍.എ തോമസ് കെ. തോമസും എല്‍.ജെ.ഡിയും മന്ത്രിസ്ഥാനത്തിനായി അവകാശവാദവുമായി രംഗപ്രവേശനം ചെയ്തുകഴിഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരണവിരുദ്ധ വികാരവും മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും എതിരായ വിമര്‍ശനങ്ങളും സി.പി.എമ്മിലും ശക്തിപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ര പോരെന്ന് സി.പി.എം നേതൃയോഗങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ വകുപ്പുകളിലും അഴിച്ചുപണി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ മന്ത്രിസഭയിലെ ഏറ്റവും മോശം പെര്‍ഫോമന്‍സുള്ളവരെ മാത്രം മാറ്റിയാല്‍ മതിയെന്ന ധാരണയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ മാത്രം മാറ്റാനാണ് ആലോചിക്കുന്നത്. സഭയുടെ പിന്തുണയും സോളാറില്‍ മാധ്യമങ്ങളിലൂടെ ചെയ്ത സഹായവും മറന്ന് വീണയെ മാറ്റിയാല്‍ അത് ബൂമറാങാവുമോ എന്നും ചില നേതാക്കള്‍ സംശയിക്കുന്നുണ്ട്.
സി.ബി.ഐ കോടതിയില്‍ കൊടുത്ത സോളാര്‍ റിപ്പോര്‍ട്ടില്‍ അമ്പുകൊള്ളാത്തവരില്ല കളത്തില്‍ എന്നു പറഞ്ഞപോലെ സി.പി.എമ്മില്‍ ആരോപണമേല്‍ക്കാത്തവര്‍ കുറവാണ്. ഇതിനുപിന്നാലെ മൊയ്തീന്റെ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി പിടിമുറുക്കുമ്പോള്‍ ആരൊക്കെ ഇനി അകത്താകുമെന്നതും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ എന്തൊക്കെ ആരോപണമുണ്ടെങ്കിലും ഗണേഷിനെ പിണക്കാതെ മന്ത്രിയാക്കി കൂടെനിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം.