X

സി.പി.എം.- സി.പി.ഐ കലഹം: പ്രശ്‌നം തീര്‍ക്കാന്‍ കണ്‍വീനറില്ലാതെ അനാഥമായി ഇടതുമുന്നണി

കെ.പി ജലീല്‍

ഇടതുമുന്നണി പൊട്ടിത്തെറിയിലേക്ക് നീങ്ങവേ , മുന്നണിയിലെ ഘടകകക്ഷികളെ നിയന്ത്രിക്കേണ്ട കണ്‍വീനറുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പലവിഷയങ്ങളിലും ഉടക്കിലാണ്. ക്രമസമാധാനത്തകര്‍ച്ച, പൊലീസ് രാജ്, വിഴിഞ്ഞം പ്രക്ഷോഭം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. സി.പി.എമ്മിനെതിരായാണ് ഇതൊക്കെയെങ്കില്‍ സി.പി.ഐ ഭരിക്കുന്ന കാര്‍ഷികമേഖലയില്‍ കാര്യക്ഷമമായി യാതൊന്നും നടക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ പരാതി. ഇവകൂടാതെ കഴിഞ്ഞദിവസങ്ങളില്‍ മുസ്‌ലിംലീഗിനെച്ചൊല്ലിയാണ് തര്‍ക്കം രൂപപ്പെട്ടിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ മതേതരപാര്‍ട്ടിയായി വിശേഷിപ്പിച്ചതാണ് മുന്നണിയില്‍ അസ്വാരസ്യം ഉണ്ടാക്കിയത്. ലീഗിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട കാര്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കില്‍ താന്‍ യു.ഡി.എഫിലെ തര്‍ക്കം മുതലെടുക്കുകയായിരുന്നുവെന്നാണ് ഗോവിന്ദന്റെ ന്യായീകരണം. ഇതോടെ കാര്യങ്ങളില്‍ തീര്‍പ്പിലെത്തിക്കേണ്ട ഉത്തരവാദിത്തമുള്ള മുന്നണി കണ്‍വീനറെ വരുത്തേണ്ട അവസ്ഥയിലാണ ്മുന്നണി, എന്നാല്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി മുന്നണി കണ്‍വീനറുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതാണ് സ്ഥിതി.
ദിവസവും നാഴികക്ക് നാല്‍പത് വട്ടം രാഷ്ട്രീയം പറയുന്ന ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുമായി പി.ബി.അംഗത്വത്തെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുകയാണ്. എ.കെ .ജി സെന്ററില്‍ പടക്കം പൊട്ടിയതുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിനെ പിടിച്ചില്ലല്ലോ എന്ന്‌ന്യായീകരിച്ച് തിരുവനന്തപുരം വിട്ടയാളാണ് ജയരാജന്‍. പിന്നീട് അദ്ദേഹത്തെ ജനം കാണുന്നത് ഫുട്‌ബോള്‍താരം മെസ്സിലെ മെഴ്‌സി പറഞ്ഞായിരുന്നു. അതിനെതിരെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതിന്റെ ഗുട്ടന്‍സ് ജനത്തിന് മനസ്സിലായി.

ഇവിടെ പക്ഷേ പ്രശ്‌നം അതിലും രൂക്ഷമാണ്. സി.പി.ഐക്ക് മുസ്‌ലിം ലീഗിനെ കണിപോലും കണ്ടുകൂടാത്തതിന് കാരണം അവര്‍ക്ക് ഇടതുമുന്നണിയില്‍ ഇടംകൊടുത്താല്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെടുമെന്നതാണ്. താരതമ്യേനം തീര്‍ത്തുംചെറുതായ സി.പി.ഐക്ക് രാഷ്ട്രീയത്തില്‍ ഇടംകിട്ടിയിരിക്കുന്നത് തന്നെ സി.പി.എമ്മിന്റെ കനിവിലാണ്. അത് പോയാല്‍ പിന്നെ പാര്‍ട്ടിനേതാക്കള്‍ക്ക് ബംഗാളിന്റെ അവസ്ഥ വരും. അതുകൊണ്ടാണ ്ബി.ജെ.പിയെ ചൂണ്ടിക്കാട്ടി ലീഗിനെ എതിര്‍ക്കുന്നത്. കഴിഞ്ഞ ഏപിലില് ഇ.പി ജയരാജന്‍ മുസ്‌ലിംലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചപ്പോഴും സി.പി.ഐ രൂക്ഷമായഭാഷയില്‍ രംഗത്തുവന്നിരുന്നു. മുന്നണി വിപുലീകരണം മുന്നണിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു കാനത്തിന്റെ വിശദീകരണം.

മുമ്പ് സി.പി.ഐയും മുസ്‌ലിംലീഗുമായും ചേര്‍ന്ന് ഭരണം നടത്തിയകാര്യം സി.പി.ഐ നേതാവ് കാനം മറക്കുകയാണ്. അന്ന് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതുപോലും മുസ്‌ലിംലീഗ് നേതാവ് ബാഫഖി തങ്ങളുടെ രാഷ്ട്രീയതന്ത്രജ്ഞത ഒന്നുകൊണ്ടായിരുന്നു. ഇ.എം.എസ് രാജിവെച്ച സമയത്തായിരുന്നു അത്. അച്യുതമേനോന് ഏഴുവര്‍ഷക്കാലം തുടര്‍ച്ചയായി വലിയ അസ്വാരസ്യങ്ങളില്ലാതെ ഭരിക്കാനും കഴിഞ്ഞു. അതിനെല്ലാം മേനോന്‍ ലീഗിനോട് ഒട്ടേറെ തവണ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ.എം.എസ് സര്‍ക്കാര്‍ വീണസമയത്ത് പിന്നീടാര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് അത് നിങ്ങള്‍ ബാഫഖി തങ്ങളോട് ചോദിക്കൂ എന്നാണ് അച്യുതമേനോന്‍ പത്രക്കാര്‍ക്ക് മറുപടി നല്‍കിയത്.

ഈ ചരിത്രമൊന്നും അറിയാതെയാണോ കാനം മുസ്‌ലിം ലീഗിനും സി.പി.എമ്മിനുമെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ ്ജനം ചോദിക്കുന്നത്. ഏതായാലും വിഷയത്തില്‍ ഇ.പി ജയരാജന്റെ അഭിപ്രായം തേടാന്‍ പോലും അദ്ദേഹത്തെ കിട്ടുന്നില്ല. ഇത് സി.പി.എമ്മിനകത്തും വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ബി.ജി.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ശക്തിയായി എതിര്‍ക്കുന്ന ഇടതുമുന്നണി അതേ നാണയത്തിലാണോ മുസ്‌ലിംലീഗിന്റെ ന്യൂനപക്ഷപിന്നാക്ക ാധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുന്നത്? കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന് വരുത്തി വെടക്കാക്കി തനിക്കാക്കാനുള്ള വിദ്യയാണ് എം.വി ഗോവിന്ദന്റേതെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനും സാമാന്യജനത്തിനും കഴിയുമെന്നിരിക്കെ എന്തിനാണ ്ബി.ജെ.പിയെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് വിശദീകരിക്കേണ്ട ബാധ്യത കാനം രാജേന്ദ്രനുണ്ട്.

Test User: