X

എല്‍.ഡി.എഫ് രാജ്ഭവന്‍ മാര്‍ച്ച്; സര്‍ക്കാറിന് തിരിച്ചടിയാകുമോ?

തിരുവനന്തപുരം:ഒരുലക്ഷം പേരുമായി നവംബര്‍ 15ന് രാജ്ഭവന്‍ വളയാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കെ വലിയൊരു ആള്‍ക്കൂട്ടം രാജ്ഭവനിലേക്ക് ഇരച്ചെത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകും. പ്രതിഷേധക്കാരുടെ അക്രമങ്ങളോ, പൊലീസ് നടപടിയോ ഉണ്ടായാല്‍ സര്‍ക്കാരിന് ന്യായീകരിച്ചുനില്‍ക്കാനാവില്ല. സംഘര്‍ഷമുണ്ടായാല്‍ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത നടപടികളിലേക്കാകും ഇതിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടക്കുക. രാജ്ഭവന് സുരക്ഷയൊരുക്കാന്‍ അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവന്‍ അടങ്ങിയ കവടിയാര്‍ മേഖലയില്‍ ആര്‍മി ആക്ട്് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നതുവരെ ഗവര്‍ണറുടെ പരിഗണനയിലുണ്ടെന്നാണ് വിവരം.

ഇക്കാര്യങ്ങളെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി എന്ന വിവരവും പുറത്തുവരുന്നു.ഗവര്‍ണറുടെ ചുമതല നിര്‍വഹിക്കുന്നതിന് തടസപ്പെടുത്തുന്നതും ഗവര്‍ണറെ തടയുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏഴുവര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മാത്രമാണ് ഈ സവിശേഷ പരിരക്ഷയുള്ളത്. ഗവര്‍ണറുടെ സഞ്ചാരം തടഞ്ഞ് ഒരു ലക്ഷം പ്രവര്‍ത്തകരുമായി രാജ്ഭവന്‍ വളയുമ്പോള്‍ അദ്ദേഹത്തിന് പൊലീസ് മേധാവിയോട് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇത്തരമൊരു നടപടിയെടുക്കാന്‍ ഇടയില്ല.

ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നീക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാനെത്തുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അസാധാരണ സാഹചര്യം തന്നെയാണ് രാജ്ഭവനുമുന്നില്‍ എല്‍.ഡി.എഫ് തീര്‍ക്കുന്നത്. ഗവര്‍ണറുടെ പേരെടുത്തു പറയാതെ വിമര്‍ശിച്ച ബാലഗോപാലിനോട് ‘പ്രീതി’ നഷ്ടമായെങ്കില്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ രാജ്ഭവനു മുന്നിലെത്തുമ്പോള്‍ ‘പ്രീതി’ വീണ്ടും ആശയക്കുഴപ്പമുണ്ടാക്കും. ധനമന്ത്രിക്കെതിരെ കത്ത് നല്‍കിയ ഗവര്‍ണര്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരോടുമുള്ള പ്രീതി നഷ്ടമാകുന്ന സാഹചര്യമാകും നവംബര്‍ 15ന് സംഭവിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് രാജ്ഭവന്‍ ധര്‍ണ നടത്തുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഏറ്റവും രൂക്ഷമായ നിലയിലെത്തും.

Test User: