X

സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം ഇടത് എം.എല്‍.എമാര്‍; സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍

 

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്നതിനിടെ രണ്ട് ഇടത് എം.എല്‍.എമാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോ സ്വര്‍ണം പിടികൂടിയ കേസിലെ മൂന്നാം പ്രതി അബുലൈസിനൊപ്പം കൊടുവള്ളി എം.എല്‍. എ കാരാട്ട് റസാഖും കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഇത് ദൃശ്യമാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ ഇടതുമുന്നണിയും സി.പി.എമ്മും മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ദുബൈയില്‍ നിന്നുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനവേളയില്‍ അബുലൈസും എം.എല്‍.എമാരും ഒന്നിച്ചുനില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. റഹീമിനും റസാഖിനും അബുലൈസുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ചിത്രം വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ അബുലൈസിനെ കണ്ടെത്താന്‍ ഡി.ആര്‍.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ ബന്ധുവാണ് അബുലൈസ്. 2016ല്‍ തെരഞ്ഞെടുപ്പിനുശേഷം ദുബൈയില്‍ നല്‍കിയ സ്വീകരണത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം എം.എല്‍.എമാര്‍ പ്രത്യക്ഷപ്പെട്ടത്. കോടിയേരിയുടെ ജനജാഗ്രതാ യാത്രക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചത് ജാഗ്രതക്കുറവാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായം പാര്‍ട്ടി വേദികളില്‍ ഉയര്‍ന്നുകഴിഞ്ഞു. ഏതായാലും പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് ശേഷമായിരിക്കും നടപടി എന്നാണ് സൂചന.

ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന രണ്ട് എം.എല്‍.എമാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ കൂടുതല്‍ വിശദീകരണം നല്‍കേണ്ട ഗതികേടിലാണ് സി.പി.എം. കുന്ദമംഗലത്ത് പി.ടി.എ റഹീമിന് രണ്ടാമൂഴം നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

chandrika: