X

എല്‍.ഡി.എഫ് യോഗം ഇന്ന്; കല്ലിടല്‍ തല്‍ക്കാലം നിര്‍ത്തിവെച്ചേക്കും

തിരുവനന്തപുരം: സില്‍വല്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ നടന്നുവരുന്ന കല്ലിടല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചേക്കും. ഇന്നുചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. പ്രതിഷേധത്തെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കിലും കല്ലിടലിന് ഇടവേള നിശ്ചയിക്കാന്‍ സാധ്യതയേറെയാണ്.

ഇത്തരമൊരു നീക്കത്തിന് സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്. ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇതിലൊന്ന്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ദിവസങ്ങളില്‍ കെ റെയിലിന്റെ പേരിലുള്ള വിവാദങ്ങള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. വാര്‍ത്തകളും ജനശ്രദ്ധയും കല്ലിടല്‍ പ്രതിഷേധത്തിന് പിന്നാലെയാകുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് നനഞ്ഞ പടക്കമായി മാറും. അതുകൊണ്ടുതന്നെ ഈ ദിവസങ്ങള്‍ സമാധാനപരമാക്കാനാണ് സി.പി.എം ആലോചന.

രണ്ടാമതായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷമാണ്. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തില്‍ രൂപം നല്‍കിയിട്ടുള്ള വാര്‍ഷികാഘോഷത്തിന്റെ തുടക്കമെങ്കിലും മറ്റ് വിവാദങ്ങള്‍ക്ക് ഇടംപിടിക്കാന്‍ അവസരമുണ്ടാകരുതെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മറ്റൊന്ന് കെ റെയില്‍ പദ്ധതിയോടുള്ള സി.പി.ഐയുടെ എതിര്‍പ്പാണ്. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു പരസ്യമായും സി.പി.ഐ നേതാവ് കൂടിയായ റവന്യൂമന്ത്രി കെ. രാജന്‍ പരോക്ഷമായും നടത്തുന്ന വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കെ റെയിലിന്റെ പേരില്‍ ജനത്തെ തെരുവില്‍ നേരിടുന്നതിനെതിരെ പൊട്ടിത്തെറിച്ചാണ് കഴിഞ്ഞദിവസം പ്രകാശ് ബാബു രംഗത്തെത്തിയത്. എന്തിനാണിത്ര ധൃതിയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. റവന്യൂമന്ത്രിയാകട്ടെ കല്ലിടാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ കമ്പനിയുമായി കൊമ്പുകോര്‍ത്തു.

സി.പി.ഐയോട് കീഴടങ്ങാന്‍ തയാറല്ലെങ്കിലും തല്‍ക്കാലം കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവെച്ച് വിവാദം തണുപ്പിക്കണമെന്ന പൊതുവികാരമാണ് സി.പി.എമ്മിലുള്ളത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. കല്ലിനെ ചൊല്ലിയുള്ള വിവാദങ്ങളും ഹൈക്കോടതിയുടെ പരാമര്‍ശങ്ങളും എടുത്തുകാട്ടിയാകും സര്‍വേ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുന്നത്. എന്നാല്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചേക്കാന്‍ ഇടയില്ല. അനൗദ്യോഗികമായി ഇത്തരമൊരു തീരുമാനം കെ റെയില്‍ കമ്പനിയെയും റവന്യൂ, പൊലീസ് വകുപ്പുകളെയും അറിയിക്കും.

കെ റെയില്‍ പദ്ധതിയുടെ കല്ലിടല്‍ കാരണം സര്‍ക്കാരിനും എല്‍.ഡി.എഫിനും എതിരായി ഉണ്ടായിട്ടുള്ള ജനവികാരം ഇന്നുചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ തുറന്നുകാട്ടും. ജനം പദ്ധതിക്കും സര്‍ക്കാരിനും എതിരാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണമെന്ന് സി.പി.ഐ നേതാക്കള്‍ യോഗത്തില്‍ പറയും. പൊതുവേ സി.പി.എം തീരുമാനത്തിന് കൈപൊക്കുന്ന മറ്റ് ഘടകകക്ഷികളും കെ റെയില്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാട് എടുത്തേക്കുമെന്നാണ് സൂചന.

Test User: