X

‘വനം- വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ എല്‍ഡിഎഫിന് 20 ശതമാനം വോട്ട് കുറഞ്ഞു’; പി.വി അന്‍വര്‍

വനം വകുപ്പിന് എതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ എംഎൽഎ. വനം- വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ 20 ശതമാനം വോട്ട് എല്‍ഡിഎഫിന് കുറഞ്ഞിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിൽ വനംവകുപ്പിന്റെ പരിപാടിയിൽ വനംമന്ത്രി വേദിയിലെരിക്കെയായിരുന്നു അൻവറിന്റെ വിമർശനം.

വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളുടേതിനേക്കാൾ മോശമാണെന്നും പി വി അൻവർ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അൻവർ വ്യക്തമാക്കി.

പരിപാടിക്ക് ശേഷം, വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അൻവർ ശകാരിച്ചു. വാഹനം പാർക്ക് ചെയ്തിടത്തുനിന്ന് മാറ്റിയിടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതാണ് പ്രകോപനത്തിലേക്ക് നയിച്ചത്. എന്നാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവർ ഇതിന് വിശദീകരണവുമായെത്തി.

‘പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക്‌ ചെയ്തിരുന്ന ‘എംഎൽഎ ബോർഡ്‌’ വച്ച വാഹനം ഒരു ഫോറസ്റ്റ്‌ ഉദ്യോഗസ്ഥൻ വന്ന് മൂന്ന് തവണ മാറ്റി ഇടീച്ചു. വാഹനം പാർക്ക്‌ ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എംഎൽഎ ഇനി വാഹനം തലയിൽ ചുമന്നൊണ്ട്‌ നടക്കണമെന്നാണോ, ആണെങ്കിൽ, അതൊന്നും അംഗീകരിച്ച്‌ കൊടുക്കാൻ മനസ്സില്ല.’ – എന്നായിരുന്നു അൻവറിൻ്റെ പ്രതികരണം.

webdesk14: