X

സത്യപ്രതിജഞാ മാമാങ്കം: കനത്ത പ്രതിഷേധത്തിലും പിന്മാറാതെ പിണറായി

ഫലം വന്ന് മൂന്നാഴ്ചക്കുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തുന്ന പിണറായിസര്‍ക്കാരിനെതിരെ പ്രതിഷേധം കനത്തു. സ്വന്തം പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും സാംസ്‌കാരികനായകരില്‍നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ പിന്മാറുമെന്ന സൂചനയുണ്ടെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചുനിന്നതിന്‍രെ തെളിവായിരുന്നു വൈകുന്നേരം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനം. 15 മിനുട്ട് എടുത്താണ് അദ്ദേഹം ന്യായീകരണം നടത്തിയത്. ജനമനസിലാണ് ചടങ്ങെന്നും ആഘോഷം ഇഷ്ടപ്പെടാത്തവരാണ് ചിലരെന്നുമായിരുന്നു വിശദീകരണം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 20ലെ സത്യപ്രതിജ്ഞാചടങ്ങില്‍ 800 ഓളം പേരെയാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 500 ആക്കി. എങ്കിലും മൈതാനത്ത് മുഴുവന്‍ പന്തലും കസേരകളും തയ്യാറാക്കുന്ന ജോലി ഇന്നലെയും തുടര്‍ന്നു. രണ്ടുമീറ്റര്‍ അകലം വിട്ട് കസേരകള്‍ ഒരുക്കാമെന്നാണ് അറിയിപ്പെങ്കിലും ആളുകള്‍ വര്‍ധിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ കോവിഡ് പകരാനുള്ള സാധ്യത ഏറെയാണ്. ഇത് ഐ.എം.എ അടക്കമുള്ളവരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകതന്നെയാണ്.

സി.പി.എമ്മിനകത്തുനിന്നും സി.പി.ഐഅടക്കമുള്ള ഘടകക്ഷികളുടെ നേതാക്കളില്‍നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മന്ത്രിമാരുടെ പേരുകളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മനസ്സ് അര്‍പ്പിച്ചിരിക്കുകയാണ് നേതാക്കള്‍. മാത്രമല്ല,മുഖ്യമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും ആരും തയ്യാറായിട്ടുമില്ല. പന്തല്‍-വേദി നിര്‍മാണം കരാറുകാരാണ് നടത്തുന്നതെങ്കിലും പൊതു‘ഭരണവകുപ്പിനാണ് ചുമതല. ലക്ഷങ്ങള്‍ മുടക്കി ഈ കോവിഡ് കാലത്ത് ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് കേരളത്തിന്റെ യശസ്സിനെതന്നെ പിറകോട്ടടിപ്പിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുകയാണ്.

ഇടത് അനുഭാവികളും ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പരിപാടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ജനങ്ങള്‍ അവരുടെ അധ്വാനത്തിന്റെ മിച്ചം എടുത്ത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് നല്‍കുന്ന തുക ഇത്തരത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും മേനിനടിക്കാനായി ഉപയോഗപ്പെടുത്തണമോ എന്നാണ് അവര്‍ ചോദിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനെക്കുറിച്ച് നാഴികക്ക് നാല്‍പതുവട്ടം ആജ്ഞാപിക്കുന്ന പിണറായിക്ക് ഇതൊരു കളങ്കമാകുമെന്നത് തീര്‍ച്ചയാണെന്ന് അവര്‍ പറയുന്നു. അതേസമയം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഇനിയും അറിവായിട്ടില്ല. എല്ലാ കാര്യത്തിലും പിണറായി ഒന്നാമനായതിനാല്‍ ഗവര്‍ണറും ആ വഴിക്കായിരിക്കും.

Test User: