X

ദിശ തെറ്റുന്ന ഇടതു ഭരണം

ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ


മാര്‍ക്‌സിസ്റ്റ് മുന്നണി സര്‍ക്കാറിന്റെ തുടക്കം ശരിയായ ദിശയിലല്ല. (1) ഇന്ത്യയുടെ സമ്പദ് ഘടനയില്‍ തന്നെ ദൂരവ്യാപകമായ പ്രതിഫലനം ഉണ്ടാക്കുന്നതും നികുതി ഘടനയില്‍ സമൂലമായ അഴിച്ചുപണി നടത്തുന്നതുമായ, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിയമത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കം നടത്തിയില്ല. സാമ്പത്തിക വിദഗ്ധനെന്നനിലക്ക് ധനമന്ത്രി വിഷയം പഠിച്ചിട്ടുണ്ടാകും എന്ന് മാത്രം. (2) സാധന സേവന നികുതി നിയമം സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. പുതിയ സര്‍ക്കാര്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ എന്ന ചാപിള്ളക്ക് വേണ്ടി നിയമം കൊണ്ടുവന്നപ്പോള്‍

ഒരു ഉപഭോഗ സംസ്ഥാനം എന്ന നിലക്ക് കേരളത്തെ സാരമായി ബാധിക്കുന്ന കേന്ദ്രത്തിന്റെ പുതിയ നിയമനിര്‍മാണം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് അവസരം ഒരുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായിരുന്നു. (3) ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന ബജറ്റിന്റെ പുതുക്കിയ രൂപം മാത്രമായ, എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ജനങ്ങളുടെമേല്‍ അമിതമായ നികുതിഭാരം അടിച്ചേല്‍പിച്ചത് അസ്വീകാര്യമാണ്.

 

ആധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും പത്ത് ശതമാനമായി വര്‍ധിപ്പിച്ചത് ജനവിരുദ്ധമാണ്. ഭൂമിക്ക് മര്യാദവില നേരത്തെ പ്രഖ്യാപിക്കുകയും അതിന്റെ നേരെ പകുതി ഒറ്റയടിക്ക് വര്‍ധിപ്പിച്ചു കൊണ്ട് തീരുമാനം എടുത്തിട്ടുള്ള സ്ഥിതിക്ക് നിലവിലെ നിരക്ക് ഉയര്‍ത്തിയത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. ഇഷ്ടദാനം, കുടുംബ സ്വത്തിന്റെ ഭാഗപത്രം, കുടുംബാംഗങ്ങളുടെ ഇടയിലെ ഒഴിവുകുറി (ഒഴിമുറി) എന്നീ കാര്യങ്ങളില്‍ വന്ന വര്‍ധനവ് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ല. #ാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും തീരാധാരം നടത്തുമ്പോള്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ വില നിശ്ചയ സാക്ഷ്യപത്രം വേണമെന്ന നിബന്ധന ഒഴിവാക്കേണ്ടതായിരുന്നു. കേരളത്തില്‍ നിലവിലുള്ള ഷെഡ്യൂള്‍ റേറ്റ് തന്നെ പര്യാപ്തമായിരുന്നു. പ്ലാസ്റ്റിക് ഉപകരണങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണെങ്കിലും കുടിവെള്ളത്തിനുള്ള സര്‍ചാര്‍ജ് വര്‍ധന പിന്‍വലിക്കേണ്ടതാണ്.

 

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി നികുതി വര്‍ധിക്കുമ്പോള്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ഒന്നോ രണ്ടോ വാഹനങ്ങള്‍ സ്വന്തമായുള്ളവരേയും ബിസിനസ് ശൃംഖലയുടെ ഭാഗമായി അനേകം വാഹനങ്ങള്‍ ഉള്ളവരേയും ഒരേ രീതിയില്‍ കണ്ട് നികുതി നിശ്ചയിക്കുന്നത് ഒരിക്കലും ശരിയല്ല. മോട്ടോര്‍ വെഹിക്കിള്‍സ് ടാക്‌സേഷന്‍ ആക്ടില്‍ ആറാമത്തെ ഖണ്ഡികക്ക് നല്‍കിയ വിശദീകരണം ദുരുപയോഗപ്പെടുത്താനും അഴിമതിക്ക് വാതില്‍ തുറക്കാനും സാധ്യത ഉണ്ട്. അതിനാല്‍ ആ ഭാഗം ഒഴിവാക്കണം. ഡ്രൈവറുടെ കാബിന്‍ അടക്കം യാത്രക്കാരെ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ അളവെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതായിരിക്കും നന്നാവുക. ഇങ്ങനെ നിരവധി പൊരുത്തക്കേടുകള്‍ ഈ ധനബില്ലില്‍ കണ്ടെത്താനാവും.

 
യു.ഡി.എഫ് കഴിഞ്ഞ അഞ്ച് വര്‍ഷം കാഴ്ചവെച്ച വികസന പ്രക്രിയ തുടരുന്നതിന് പുതിയ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യം സ്വാഗതാര്‍ഹമാണ്. അതിനായി അധിക സാമ്പത്തിക വിഭവം കണ്ടെത്താനുള്ള ശ്രമം പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. എന്നാല്‍ എല്‍.ഡി.എഫിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങളും പരിപാടികളും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നതല്ല. 2016-17 സാമ്പത്തിക വര്‍ഷം ധനവകുപ്പിന്റെ കുതിപ്പ് റവന്യൂ കമ്മി 1800 കോടി രൂപയാണെന്ന് കാണേണ്ടതുണ്ട്. എന്നിട്ടാണ് 12000 കോടി രൂപയുടെ ധന മാന്ദ്യ പരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ട് ബോര്‍ഡ് ഒരു ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന പ്രതീക്ഷയിലാണ് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് ശതമാനം നികുതി വരവ് വര്‍ധന ലക്ഷ്യമിടുന്നത് ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമാണെന്ന് തോന്നുന്നില്ല.

 

2003-ലെ ഗ്യാരണ്ടി നിയമം അനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ കടമെടുക്കാവുന്നതിന്റെ പരമാവധി പരിധി പതിനാലായിരം കോടി രൂപ മാത്രമാണ്. അതിന്റെ അര്‍ത്ഥം ഇതിനായി ഈ പരിധി നിശ്ചയം മാറ്റേണ്ടി വരുമെന്നാണല്ലോ.നികുതി നിരക്കില്‍ കുറവ് വരുമ്പോള്‍ ഓരോ വ്യക്തിയുടെയും നീക്കിയിരുപ്പ് വര്‍ധിക്കുമെന്നത് ഉറപ്പാണ്. വരുമാനത്തിന്റെ പല വഴിക്കുള്ള ഒഴുക്കാണ് അതു വഴി സാധിക്കുന്നത്. തദ്ഫലമായി സമ്പദ്ഘടന വളരും. പുതിയ നിലകളില്‍ നികുതി വര്‍ധനവും സംഭവിക്കും. ഫലത്തില്‍ സമ്പദ് ഘടനയില്‍ ആരോഗ്യകരമായ ചലനം ഉണ്ടാക്കാന്‍ നികുതി കുറക്കുന്നതുവഴി സാധിക്കുമെന്ന വീക്ഷണത്തിനും ഈ ബജറ്റില്‍ പരിഗണന ലഭിച്ചിട്ടില്ല.

 
റവന്യൂ കമ്മി വര്‍ധിക്കുന്ന സാഹചര്യം ശരിയായ സാമ്പത്തിക അച്ചടക്കത്തിന്റെ അഭാവമാണ് കാണിക്കുന്നത്. റവന്യൂ ചെലവുകള്‍ക്ക് റവന്യൂ വരുമാനം മതിയാവുന്നില്ല എന്നാണല്ലോ റവന്യൂ കമ്മി കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഈ രംഗത്ത് നിലനില്‍ക്കുന്ന വലിയൊരു വൈരുധ്യം കാണാതിരിക്കരുത്. വിദ്യാഭ്യാസവും ആരോഗ്യവും ഒഴിച്ചുള്ള സാമൂഹിക മേഖലകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ നമ്മുടെ റവന്യൂ ചെലവ് കുറവാണ്. വൈദ്യുതി, ഗ്രാമ വികസന രംഗങ്ങളിലും സ്ഥിതി മറിച്ചല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോള്‍ തനത് വരുമാനത്തില്‍ നികുതി ഇനത്തില്‍ കൂടുതലും നികുതിയേതര ഇനത്തില്‍ കുറവുമാണ് വരുമാനമെന്ന് കാണാനാവും. അതില്‍ തന്നെ പരോക്ഷ നികുതിയില്‍ നിന്നുള്ള വരുമാനം കൂടുതലും പ്രത്യക്ഷ നികുതിയില്‍ നിന്ന് കുറവുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇപ്പോള്‍ പ്രകടമായിരിക്കുന്ന മറ്റൊരു സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. നികുതി ഇനത്തിലെ വരുമാനം കുത്തനെ ഉയരുന്നതാണ് കാണുന്നത്. അത് ഏതാണ്ട് തൊണ്ണൂറ് ശതമാനം വരെ എത്തുമ്പോള്‍ നികുതിയേതര വരുമാനം പത്ത് ശതമാനത്തിന് തൊട്ട് മുകളില്‍ മാത്രമാണ്. ഈ തുകയുടെ എഴുപത് ശതമാനവും പരോക്ഷ നികുതിയില്‍ നിന്ന് വന്ന് ചേരുന്നതാണ്. പ്രത്യക്ഷ നികുതി ഇനത്തില്‍ ഏറെക്കുറെ പതിനഞ്ച് ശതമാനമേ വരുന്നുള്ളൂ. അതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണ്. കീഴ്ത്തട്ടുകാരായ ആളുകളുടെ എണ്ണം വലിയൊരളവില്‍ കുറഞ്ഞ് ഇടത്തട്ടുകാരുടെ എണ്ണം ക്രമാതീതമായി വളരുന്ന സാഹചര്യം കേരളത്തില്‍ വന്നിരിക്കുന്നു. അതിന്റെ ഫലമായി ഉപഭോഗത്തില്‍ വരുന്ന മാറ്റമാണ് പരോക്ഷ നികുതി വര്‍ധവില്‍ കാണുന്നത്. തനത് വരുമാനത്തില്‍ സംസ്ഥാനം നേരിയ വളര്‍ച്ച പോലും കാണിക്കാതിരിക്കുകയും ആളോഹരി നികുതി ഭാരത്തില്‍ കേരളം ദേശീയ ശരാശരിയുടെ മുന്നില്‍ നില്‍ക്കുന്നതും ഈ പ്രതിഭാസം കൊണ്ടായിരിക്കണമല്ലോ.

 
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിന്റെ മുപ്പത്തിയഞ്ച് ശതമാനവും സംഭാവന ചെയ്യുന്നത് മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നും ഉള്ളതാണെന്നത് നല്ല സൂചനയല്ല, അസ്വസ്ഥത സൃഷ്ടിക്കുന്ന വസ്തുതയാണ്. പാവപ്പെട്ടവരെ വല്ലാതെ പിഴിയുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വിഭവ സമാഹരണത്തില്‍ കാണുന്ന ഈ അസമത്വം പൊതു ചെലവുകള്‍ വര്‍ധിപ്പിച്ച് പരിഹരിക്കുന്നതിനുള്ള സൂചനകള്‍ ഒന്നും ഈ ബജറ്റില്‍ ഇല്ലെന്നതാണ് വേദനിപ്പിക്കുന്നത്. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ സംസ്ഥാനം ചെലവിടുന്നത് വരുമാനത്തിന്റെ അറുപത്തിയഞ്ച് ശതമാനമാണ്.

 

ശമ്പളവും പെന്‍ഷനും മാത്രം എടുത്താല്‍ അത് അന്‍പത്തിയൊന്ന് ശതമാനം വരും. പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം, മോട്ടോര്‍ വാഹനങ്ങള്‍ ഈ ഇനങ്ങളിലാണ് നാല്‍പത് ശതമാനത്തിലധികം വാണിജ്യ നികുതി ലഭിക്കുന്നത്. മറ്റെല്ലാ ഇനങ്ങളിലും കൂടി ലഭിക്കുന്നത് അന്‍പത് ശതമാനം മാത്രം. അസമത്വം വര്‍ധിക്കുന്നതിന്റെ തോത് കേരളത്തില്‍ കൂടുതലാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേയുടെ ഉപഭോഗ സര്‍വേ പറയുന്നത് ഇവിടെ കൂട്ടിച്ചേര്‍ത്ത് വായിക്കണം. രാജ്യത്തിന്റെ ജനസംഖ്യയില്‍ മൂന്ന് ശതമാനം മാത്രം വരുന്ന കേരളീയര്‍ ആഢംബര വസ്തുക്കള്‍ക്ക് ചെലവിടുന്നത് രാജ്യം മൊത്തം ചെലവാക്കുന്നതിന്റെ പതിനഞ്ച് ശതമാനത്തോളമാണ്.

 

അതിനാല്‍ സംസ്ഥാനം പ്രായോഗികവും ഭാവനാ സമ്പന്നവുമായ നടപടികള്‍ സ്വീകരിച്ച് മുന്നേറേണ്ടതുണ്ട്. സാധാരണക്കാരുടെ ജീവിത ഭാരം വര്‍ധിപ്പിക്കാതിരിക്കാന്‍ സഹായകമാവുംവിധം താഴെ പറയുന്ന കാര്യങ്ങള്‍ സമഗ്രമായി നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതാണ്.
1. പരോക്ഷ, പ്രത്യക്ഷ നികുതികളുടെ വല വിശാലമായി വീശണം. 2. സര്‍ക്കാര്‍ ഭൂമി പല ആവശ്യങ്ങള്‍ക്കും പാട്ടമായി നല്‍കുന്നുണ്ട്. അതിന്റെ പാട്ട നിരക്ക് ശാസ്ത്രീയമായി വര്‍ധിപ്പിക്കണം. 3. ഖനനത്തിന് മേലുള്ള റോയല്‍റ്റി വര്‍ധിപ്പിക്കണം. 4. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഫലപ്രദമായി പുനഃസംഘടിപ്പിക്കണം, നേതൃത്വം പ്രാപ്തരെയും വിദഗ്ധരെയും ഏല്‍പിക്കണം. 5. എസ്റ്റാബ്ലിഷ്‌മെന്റ് എക്‌സ്‌പെന്‍സ് കുറച്ചും ഉത്പാദനം വര്‍ധിപ്പിച്ചും വിപണി വിപുലീകരിച്ചും പൊതുമേഖലയില്‍ നിന്നുള്ള ലാഭവും ഡിവിഡന്റും വര്‍ധിപ്പിക്കണം.
(മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറിയാണ് ലേഖകന്‍)

chandrika: