X

‘ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ സൂക്ഷിച്ചത് ഭാര്യയുടെ ലോക്കറില്‍’ -മന്ത്രിമാരുടെ ഭൂമി വിവാദത്തില്‍ കുലുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത് കേസുകള്‍ക്കിടെ പിണറായി സര്‍ക്കാറിന് അടുത്ത കുരുക്കായി മന്ത്രിമാരുടെ ഭൂമി വിവാദം. രണ്ട് സിപിഎം മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ ഇരുനൂറ് ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കി എന്നാണ് ആരോപണം. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി.

ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇഡിക്ക് വിവരം ലഭിച്ചതായാണ് വിവരം. കണ്ണൂര്‍ സ്വദേശിയായ ബിനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇഡി ശേഖരിച്ചു വരികയാണ്. കേരളകൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇടപാടുകളില്‍ ഈയിടെ വിരമിച്ച ഒരു മുന്‍ ഐഎസ് ഉദ്യോഗസ്ഥനും പങ്കുണ്ട്. ഇദ്ദേഹമാണ് കച്ചവടത്തിന് ഇടനിലക്കാരനായി നിന്നത്. ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങള്‍ സഹിതമാണ് ഇഡിക്ക് പരാതി ലഭിച്ചത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഈ ഐഎഎസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാര്‍ക്ക് കിട്ടിയെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഈ മുന്‍ ഉദ്യോഗസ്ഥന് ഇവിടെ സ്വന്തം പേരില്‍ 50 ഏക്കറോളം ഭൂമിയുണ്ട്.

ഇടപാടുകള്‍ക്കുള്ള കമ്മിഷനാണ് ഈ ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയില്‍ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രി വഴിയാണ് ഐഎഎസ് ഉന്നതന്റെ ഇടപാടുകള്‍ പുറത്തുവന്നതെന്നും സൂചനയുണ്ട്. സ്വര്‍ണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വന്‍കിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇഡിക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീളുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഈയിടപാടുകള്‍ വലിയ കോളിളങ്ങള്‍ക്ക് വഴി വച്ചേക്കും.

Test User: