X

സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായപ്രകടനത്തിന് വിലക്ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെ അച്ചടക്കവാളുമായി പിണറായി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഫീസില്‍ മാത്രമല്ല, പൊതു വേദിയിലോ സമര വേദിയിലോ സര്‍ക്കാരിനെ വിമര്‍ശിച്ചാലും നടപടി എടുക്കുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി.

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലൂടെയും മറ്റു പൊതു ഇടങ്ങളിലും പാര്‍ട്ടി യോഗങ്ങളിലും സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും കുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതനടപടി വകുപ്പ് മേധാവികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ വീഴ്ചയായി കണക്കാക്കി വകുപ്പ് മേധാവികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, നടപടിയേയോ കുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി.
യാതൊരു സര്‍ക്കാര്‍ ജീവനക്കാരനും ഓഫീസ് പരിസരത്ത് അല്ലെങ്കില്‍ ഡ്യൂട്ടിയിലിരിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ ഏതെങ്കിലും മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ അസ്വസ്ഥ്യമായ പൊതു പ്രകടനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലായെന്ന വ്യവസ്ഥയും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ്‌

chandrika: