പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്
രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിന്നെങ്കില്‍ മാത്രമേ സര്‍ക്കാറിന് ജനക്ഷേമകരങ്ങളായ പ്രവൃത്തികളുമായി മുന്നോട്ടുനീങ്ങാന്‍ സാധിക്കുകയുള്ളൂ. നാട്ടില്‍ ക്രമസമാധാന നില താറുമാറാകാതെ നിലനില്‍ക്കണമെങ്കില്‍ ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര വകുപ്പ് ഓരോ കാര്യത്തിലും കടുത്ത വീഴ്ചയും പക്ഷപാതവുമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.
ഇടപെടുന്ന ഓരോ സംഭവത്തിലും പൊലീസിന് വീഴ്ച പറ്റിയെന്ന് നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രി തുറന്നുസമ്മതിക്കുന്നുണ്ടെങ്കിലും പൊലീസിനെ തിരുത്താനോ നിയന്ത്രിക്കാനോ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ജിഷാ വധക്കേസില്‍ ഒരന്യ സംസ്ഥാന തൊഴിലാളിയായ ആമീറുല്‍ ഇസ്‌ലാമിനെ പിടികൂടിയത് പൊലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി തന്നെ സ്ഥാനത്തും അസ്ഥാനത്തും പിന്തുണച്ചുകൊണ്ട് നിയമസഭക്കകത്തും പുറത്തും സംസാരിച്ചുകൊണ്ടിരുന്ന വിജിലന്‍സ് ഡയരക്ടര്‍ തന്നെ പ്രതിയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വിജിലന്‍സ് ഡയരക്ടറുടെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് വരെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. നീതിബോധമുള്ള ഒരു ഭരണകര്‍ത്താവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പക്ഷം പിടിച്ചുള്ള പരാമര്‍ശമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നു ഉണ്ടായത്. പിന്നീട് ഡയരക്ടറെ അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ സംഘടിതമായി എതിര്‍ത്തുകൊണ്ടിരുന്ന ഒരാളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി അതിരുകവിഞ്ഞ ആവേശം പ്രകടമാക്കിയത്.
വെറും കഴിവുകൊണ്ട് മാത്രം ഭരണം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റിയെന്ന് വരില്ല. കൂടെ അല്‍പം നയവും തന്ത്രവുമൊക്കെ ആവശ്യമുണ്ട്. ധാര്‍ഷ്ട്യ പ്രകടനവും ഭീഷണികൊണ്ടും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കുകയില്ല. സ്വല്‍പം ഭാഗ്യവും വിജയിക്കാന്‍ അനിവാര്യമാണ്. സ. അച്യുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദൗര്‍ഭാഗ്യം പിണറായി മന്ത്രിസഭയെ വിട്ടുപിരിയാതെ പിന്തുടരുകയാണ്. മന്ത്രിസഭയില്‍ പിണറായിക്ക് പ്രിയപ്പെട്ടവനും രണ്ടാമനുമായിരുന്ന ഇ.പി ജയരാജന് തുടക്കത്തില്‍ തന്നെ രാജിവെച്ച് ഇറങ്ങിപ്പോകേണ്ടിവന്നു. സ്വജന പക്ഷപാതിത്വത്തിന്റെയും കുടുംബ വാല്‍സല്യ നിയമനത്തിന്റെയും പേരിലാണ് ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. സദാചാര മൂല്യങ്ങളെ അതിലംഘിച്ചവെന്ന മനസ്സാക്ഷിക്കുത്തുകൊണ്ടാണ് മന്ത്രി ശശീന്ദ്രന്, പുറമെനിന്ന് വലിയ സമ്മര്‍ദ്ദം ഇല്ലാഞ്ഞിട്ടുപോലും രാജിവെച്ച് ഒഴിയേണ്ടിവന്നത്. തന്റെ വിശുദ്ധിയില്‍ മന്ത്രിക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ തനിക്കെതിരെ ‘കുസൃതി ഒപ്പിച്ച’ ചാനലിനെതിരെ കേസ് കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
ധാര്‍മ്മികത മറ്റുള്ളവര്‍ പാലിക്കേണ്ട മുറയാണ്; തങ്ങള്‍ക്കത് ബാധകമല്ല എന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുകള്‍ പലപ്പോഴും സ്വീകരിച്ചുവരാറുള്ളത്. അതുകൊണ്ടാണല്ലോ കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള എം.എം. മണിയെ മന്ത്രിസഭയിലെടുക്കാന്‍ പാര്‍ട്ടിക്ക് ഒരു മടിയും തോന്നാതിരുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്വാശ്രയ ലോബിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും, സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്ന പാര്‍ട്ടിയും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഇന്ന് സ്വാശ്രയ ലോബിക്കെതിരെ അനങ്ങുന്നില്ല. സ്വാശ്രയ മുതലാളിമാരെ നിലക്ക് നിര്‍ത്തുന്നതിന് പകരം അവരെ വഴിവിട്ട് സഹായിച്ചുകൊണ്ടിരിക്കുന്നു. ഈ നിലപാടിനെതിരെ സി.പി.ഐ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും വിദ്യാര്‍ത്ഥി സംഘടനയും വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെ വിമര്‍ശിക്കുന്നതില്‍ സി.പി.ഐ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മകന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ പിടികൂടണം എന്ന ആവശ്യവുമായി സമരത്തിന് വന്ന ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച ദൃശ്യം കേരളീയ മനസ്സുകളെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. എന്നിട്ടും പൊലീസിന്റെ ആ നിഷ്ഠൂര നടപടിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മഹിജയോടൊപ്പം തോക്കുസ്വാമിയും എസ്.യു.സി.ഐ പ്രവര്‍ത്തകരും നുഴഞ്ഞുകയറിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. കോടിയേരിയാണെങ്കില്‍ കൂട്ടത്തില്‍ എസ്.ഡി.പി.ഐക്കാരെയും കണ്ടെത്തി.
കഴിഞ്ഞ പത്തു മാസക്കാലമായി കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും ദുരൂഹ മരണങ്ങളും പെരുകിയിരിക്കയാണ്. പീഡനത്തിരയായ പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കുന്നു. മാര്‍ക്‌സിസ്റ്റുകളും സംഘ് പരിവാറുകളും പരസ്പരം കൊന്നൊടുക്കുന്നു. സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നത് പൊലീസും ഗുണ്ടകളും ചേര്‍ന്നാണെന്ന് അമ്മമാരും കുട്ടികളും പരാതിപ്പെടുന്നു. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഒരു കാലം കേരളത്തില്‍ സംജാതമായിരിക്കുന്നു. വര്‍ഗീയ കൊലപാതകങ്ങള്‍ അനുദിനം കൂടിവരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞിയിലെ ഫൈസലിനെ കൊലക്കത്തിക്കിരയാക്കിയവര്‍ക്കെതിരെ സര്‍ക്കാര്‍ മൃദുലമായ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. സന്തപ്ത കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കാസര്‍ക്കോട് റിയാസ് മൗലവിയുടെ വധത്തിലും കുറ്റവാളികളോട് ഇതേ നിലപാട് തന്നെ അനുവര്‍ത്തിച്ചുവരുന്നതായി ആക്ഷേപമുണ്ട്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെകുറിച്ച് സര്‍ക്കാറിന് ചിന്തപോലുമില്ല.
ആകപ്പാടെ അരക്ഷിതാവസ്ഥ അരങ്ങുതകര്‍ക്കുന്ന ഭരണമാണ് പത്തുമാസക്കാലത്ത് കേരളം കണ്ടത്. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ സംഘ്പരിവാറിന്റെ അതെ സമീപനം തന്നെയാണ് പിണറായി സര്‍ക്കാറും പിന്തുടരുന്നത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും സര്‍ക്കാറിന്റെ വീഴ്ചകളോടും ഭരണ പരാജയങ്ങളോടുമുള്ള പ്രതികരണങ്ങളുണ്ടാകും.