ജനാധിപത്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ഭയമുള്ളത് കൊണ്ടാണ് മാധ്യമങ്ങളെ പോലും നിയമസഭയില്‍നിന്ന് വിലക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പ്രസ്താവിച്ചു.
നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പോലും ജനം കാണരുതെന്നുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ ഇത്രത്തോളം ഭയപ്പെട്ട ഒരു സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നിയമസഭയുടെ അന്തസ്സിന് കളങ്കമേല്‍പ്പിക്കുന്ന നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന മോദി മാതൃകയാണ് പിണറായിയും പിന്തുടരുന്നത്. -പി.എം.എ സലാം പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭാ ടി.വി സെന്‍സര്‍ ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്പീക്കറുടെ കസേര മറിച്ചിടുകയും നിയമസഭയെ യുദ്ധഭൂമിയാക്കുകയും ചെയ്തവരാണ് ഇപ്പോള്‍ ജനാധിപത്യ രീതിയിലുള്ള സ്വാഭാവിക പ്രതിഷേധങ്ങള്‍ പോലും ഭയപ്പെടുന്നത്. എല്ലാ മേഖലയിലും സംഘ്പരിവാറിനെ അനുകരിക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. മോദി ശൈലി കേരളത്തില്‍ നടപ്പാക്കാമെന്നത് വ്യാമോഹമാണ്. പ്രതിപക്ഷ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമുയരണം- അദ്ദേഹം പറഞ്ഞു.