X

അത്രയും അധികാരം കാണിക്കേണ്ട; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനുള്ള നിയമഭേദഗതിക്കെതിരെ വീണ്ടും ഘടകക്ഷി മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവര്‍ക്ക് കൂടുതല്‍ അധികാരം ഉറപ്പിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെയാണ് മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയത്. മന്ത്രിമാരുടെ വിയോജനക്കുറിപ്പോടെ ഉപസമിതി റിപ്പോര്‍ട്ട് അടുത്ത മാസം നാലിന് മുഖ്യമന്ത്രിക്ക് കൈമാറും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വചിക്കുന്നതാണു റൂള്‍സ് ഓഫ് ബിസിനസ്. ഇതിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. ഭേദഗതി മന്ത്രിമാരെ നോക്കുകുത്തികളാക്കുമെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉപസമിതിയോഗത്തില്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. വകുപ്പു മന്ത്രിമാര്‍ ഡമ്മിമാരാകും, ഉത്തരേന്ത്യന്‍ മോഡല്‍ ഭരണം അനുവദിക്കാനാകില്ല തുടങ്ങി രൂക്ഷമായ എതിര്‍പ്പുയര്‍ന്നതോടെ സര്‍ക്കാര്‍ നീക്കത്തിന് വേഗം കുറഞ്ഞു.

മന്ത്രിമാര്‍ കാണാതെ തന്നെ വകുപ്പു സെക്രട്ടറിമാര്‍ക്ക് ഫയലില്‍ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിനായി സമര്‍പ്പിക്കാം എന്നതാണ് സുപ്രധാന ഭേദഗതി. അധികാരം മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും കേന്ദ്രീകരിക്കപ്പെടും എന്നാണ് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്.

റൂള്‍സ് ഓഫ് ബിസിനസില്‍ 15 വര്‍ഷത്തിന് ശേഷമാണ് മാറ്റം വരുത്തുന്നത്. നിലവില്‍ പ്രധാന ഫയലുകള്‍ എല്ലാം മന്ത്രി കണ്ട ശേഷം മാത്രമാണ് തീര്‍പ്പാക്കുന്നത്. പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാര്‍ക്ക് തന്നെ ഇതില്‍ തീര്‍പ്പു കല്‍പ്പിക്കാം. മന്ത്രിമാര്‍ വഴിയല്ലാതെ മുഖ്യമന്ത്രിക്ക് സെക്രട്ടറിമാര്‍ വഴി ഫയലുകള്‍ വിളിപ്പിക്കാനും അധികാരം നിര്‍ദേശിക്കുന്നുണ്ട്.

 

Test User: