തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്നത് കൂടാതെ, നികുതി മുന്‍കൂറായി പിരിച്ചെടുക്കാനാണ് ആലോചന. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും എണ്ണക്കമ്പനികളില്‍ നിന്നും മുന്‍കൂറായി നികുതി പണം കൈപ്പറ്റാനാണ് നീക്കം. ശമ്പളവും ക്ഷേമപെന്‍ഷനുകളം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. ക്രിസ്മസ് വരുന്നതിനാല്‍ രണ്ട് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും ഡിസംബര്‍ 25ന് മുമ്പ് നല്‍കേണ്ടിവരും. ക്ഷേമപെന്‍ഷനു മാത്രം 1500 കോടി രൂപ വേണം. ഇതെല്ലാം കണക്കിലെടുത്താണ് കിട്ടാവുന്ന പണമെല്ലാം സ്വരുക്കൂട്ടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്ന ബിവറേജസ് കോര്‍പറേഷനില്‍ നിന്നും മുന്‍കൂര്‍ നികുതി പിരിച്ചെടുക്കും. എണ്ണക്കമ്പനികളില്‍ നിന്നും 500 കോടി രൂപ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനെല്ലാം പുറമെ കെ.എസ്.എഫ്.ഇയില്‍ നിന്നു കടമെടുക്കാനും ആലോചിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യത്തോടെയായിരിക്കും ഇത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വന്‍ബില്ലുകള്‍ മാറുന്നതിനും ട്രഷറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാത്രം പാസാക്കി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പ്രത്യേക അനുമതിയോടെ പാസാക്കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.
വരുമാനം കുറഞ്ഞതും പദ്ധതിയിതര ചെലവുകള്‍ വര്‍ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ജി.എസ്.ടി നികുതി 17 ശതമാനം ഉയര്‍ന്നുവെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് 300 കോടി രുപയും റേഷന്‍, ആരോഗ്യ മേഖലക്ക് 500 കോടി രൂപയും അധികം നല്‍കേണ്ടി വന്നു. പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും ചെലവ് കൂട്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തില്‍ നിന്ന് വായ്പയെടുക്കാനും നീക്കമുണ്ട്. പരമാവധി 20,400 കോടി രൂപയാണ് ഈ വര്‍ഷം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയുള്ളത്. ഇതില്‍ കഴിഞ്ഞ ഓണക്കാലത്ത് എടുത്ത 8500 കോടി ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 14,000 കോടി വായ്പയെടുത്തു. കഴിഞ്ഞ വര്‍ഷം 6000 കോടി രൂപ അധിക വായ്പയും എടുത്തിരുന്നു. ഈ തുക ഇത്തവണത്തെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇനിയുള്ള നാലര മാസം കടമെടുക്കാവുന്ന പരമാവധി തുക 400 കോടി രൂപ മാത്രമാണ്. ഇതാവട്ടെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഒന്നിനും തികയില്ല. ഈ സാഹചര്യത്തില്‍ ആറായിരം കോടിയുടെ അധിക വായ്പാ പരിധി ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 3000 കോടി രൂപയെങ്കിലും ഇത്തരത്തില്‍ കണ്ടെത്താനാണ് ശ്രമം. ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, നികുതി വിഹിതം തുടങ്ങിയ ഇനങ്ങളിലായി എല്ലാ മാസവും കേന്ദ്രം നല്‍കുന്ന 2500 കോടി രൂപയെ ആശ്രയിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.