X
    Categories: MoreViews

വി.എസ് വിട്ടുനിന്നു; ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കല്ലുകടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങ് വി.എസ് അച്യുതാനന്ദന്‍ ബഹിഷ്‌കരിച്ചു. വേദിയില്‍ ഇടം നല്‍കാതെ പ്രവേശന പാസ് മാത്രം നല്‍കി ഒതുക്കിയതില്‍ പ്രതിഷേധിച്ചാണ് വി.എസ് ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. വിവാദങ്ങളും വീഴ്ചകളും നിറം കെടുത്തിയ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്ന് സി.പി.എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് കൂടി വിട്ടുനിന്നത് സര്‍ക്കാറിന് കനത്ത തിരിച്ചടിയായി. വി.എസിന്റെ ബഹിഷ്‌കരണം സി.പി.എമ്മിനും കനത്ത നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
എം.എല്‍.എമാര്‍ക്കുള്ള പാസ് മാത്രമാണ് വിഎസിനും ലഭിച്ചത്. സി.പി.എം സ്ഥാപക നേതാവെന്ന പരിഗണനയോ, മുന്‍മുഖ്യമന്ത്രി എന്ന പരിഗണനയോ വി.എസിന് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇത് ബോധ പൂര്‍വ്വമാണെന്ന നിലപാടാണ് വി.എസിനുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ അസംതൃപ്തി വി.എസ് നിരവധി തവണ പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്യപ്പെടുന്ന വേളയില്‍ സര്‍ക്കാരിനെ കുറിച്ച് നല്ലതുപറയാനില്ലെന്ന നിലപാടിലായിരുന്നു വി.എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പ്രതികരിക്കാനും കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം തയാറായിരുന്നില്ല. വി.എസിന്റെ പേര് വാര്‍ഷികാഘോഷത്തിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് വി.എസിന്റെ ഓഫീസില്‍ നിന്നും അറിയിച്ചത്. അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്നായിരുന്നു വിശദീകരണം.
പ്രതിപക്ഷവും സര്‍ക്കാറിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം തീര്‍ത്തും നിരാശാജനകമെന്ന് വിലയിരുത്തിയ യു.ഡി.എഫ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തലസ്ഥാനത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് യു.ഡി.എഫില്‍ നിന്ന് രമേശ് ചെന്നിത്തല, ഡോ.എം.കെ മുനീര്‍, കെ. മുരളീധരന്‍, അനൂപ് ജേക്കബ് എന്നിവരെയാണ് ആശംസാ പ്രാസംഗികരായി ക്ഷണിച്ചിരുന്നത്.
അതേസമയം ആര് എന്തുപറഞ്ഞാലും സര്‍ക്കാരിന്റെ ശൈലി മാറ്റാനാകില്ലെന്ന് ഒരു മണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപ്പിലാക്കുന്നത് നവകേരള മാസ്റ്റര്‍പ്ലാനാണെന്നും ആരോഗ്യകരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ബദല്‍ നയങ്ങളാണ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ഒരുവര്‍ഷം തികച്ചതില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ട്. നശീകരണ വാസനയോടെ സമീപിച്ചാല്‍ തളരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതകള്‍ നവീകരിക്കും, മലയോര, തീരദേശ പാതകളുടെ നിര്‍മാണം ആരംഭിക്കും, കിഫ്ബിയിലൂടെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും തുടങ്ങിയ പതിവ് വാഗ്ദാനങ്ങള്‍ പിണറായിആവര്‍ത്തിച്ചു. പ്രസംഗത്തില്‍ വിവാദ വിഷയങ്ങള്‍ പരാമര്‍ശിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വി.എസിനും സി.പി.ഐക്കുമുള്ള മറുപടി വ്യക്തമായിരുന്നു.
സര്‍ക്കാറിന്റെ വാര്‍ഷികദിനത്തില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവത്തെയും സന്ദര്‍ശിച്ചു.

chandrika: