കെ.പി ജലീല്‍
പിണറായിവിജയന്റെ തുടര്‍ച്ചയായ യൂടേണുകള്‍ സി.പി.എമ്മിലും സര്‍ക്കാരിലും മുന്നണിയിലും അസ്വസ്ഥത പടര്‍ത്തിയിരിക്കെ പാര്‍ട്ടി മുഖ്യമന്ത്രിയെ കൈവിടുന്നു. പുതുതായി ചുമതലയേറ്റ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി അകന്നതായാണ് റിപ്പോര്‍ട്ട്. വഖഫ് ബോര്‍ഡ്, കെ.റെയില്‍, റേഷന്‍ കമ്മീഷന്‍ വെട്ടിക്കുറക്കല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സര്‍ക്കാരിന് തീരുമാനം മാറ്റേണ്ടിവന്നതാണ് പാര്‍ട്ടിയുമായുള്ള അകല്‍ച്ചക്ക് കാരണമായത്. വഖഫ്‌ബോര്‍ഡിലെ നിയമനങ്ങളില്‍ പി.എസ്.സിക്ക് വിടുന്നതിന് നിയമം വരെ പാസാക്കിയിരുന്നെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സര്‍ക്കാരിനായില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പാഠ്യപദ്ധതി പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിലും അടുത്തകാലത്ത് പിന്‍വലിയാനായിരുന്നു വിധി. ഇത് തുടര്‍ക്കഥയായതോടെ സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. പലതും മുഖ്യമന്ത്രി അറിയാതെയാണെന്നായിരുന്നു വ്യാഖ്യാനമെങ്കിലും പിണറായിയെ പാര്‍ട്ടിയില്‍ പിന്തുണക്കാന്‍ അധികമാരുമെത്താതിരുന്നത് ഞെട്ടിച്ചു. പല സംസ്ഥാനതല നേതാക്കളും മുന്‍മന്ത്രിമാരും തുടര്‍ഭരണത്തില്‍ തഴയപ്പെട്ടവരുമാണെന്നതാണ ്പിണറായിക്ക് തിരിച്ചടിയായത്. മുന്‍ എം.എല്‍.എമാര്‍ മാത്രമാണ ്പിണറായിയെ പിന്തുണക്കാനെത്തിയത്.
ഈ അവസരം മുതലെടുക്കാനാണ് പാര്‍ട്ടിസെക്രട്ടറിയുടെ ശ്രമം. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയും ഗോവിന്ദനുണ്ട്. സര്‍ക്കാരിന്റെ യൂടേണുകളില്‍ കേന്ദ്രനേതൃത്വവും നിരാശരാണെന്നതാണ ്കാരണം.
ഗോവിന്ദന് എംഎം മണി, ജി.സുധാകരന്‍, ഇ.പി, പി.ജയരാജന്മാര്‍ എന്നിവരുടെ പിന്തുണയുണ്ട്. മുന്‍മന്ത്രിമാരില്‍ കെ.കെശൈലജയും പിണറായിവിരുദ്ധയാണ്. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മറ്റും വാങ്ങിയതിലും മറ്റും അഴിമതി നടന്നതിനെതിരെ കോടതിയില്‍ കേസ് വന്നപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞാണെന്ന് പറഞ്ഞ ശൈലജക്ക് ഗോവിന്ദന്റെ പിന്തുണയുണ്ട്. ജയരാജന്മാരില്‍ ഇ.പി മുന്നണി കണ്‍വീനറാണെങ്കിലും പിണറായിയുമായി ഉടക്കിയതിനാല്‍ പദവി നിര്‍വഹിക്കുന്നില്ല. പി.യാകട്ടെ നേരത്തെതന്നെ കണ്ണൂര്‍ കൊലപാതകവിഷയത്തില്‍ പിണറായിയുമായി ഉടക്കിലാണ്. മകള്‍ വീണയുടെ മെന്ററുടെ കാര്യത്തിലെ പിന്നാക്കം പോകലും വിദേശയാത്രക്ക് സകുടുംബം പോയതുമെല്ലാം ഇവര്‍ചൂണ്ടിക്കാട്ടുന്നു. കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടതാണ ്‌സത്യത്തില്‍ പിണറായിയെ ഇത്രയും പ്രതിരോധത്തിലാക്കിയത്. നിലവില്‍ ചെറുപ്പക്കാരുടെ പിന്തുണയിലാണ് പിണറായി സര്‍ക്കാരിനെ ഓടിച്ചുകൊണ്ടുപോകുന്നത്. വിഴിഞ്ഞം, ഗവര്‍ണര്‍ വിഷയങ്ങളില്‍ മേല്‍ക്കൈ നേടിയെങ്കിലും അതിന്‍രെ ക്രെഡിറ്റ് ഗോവിന്ദനാണ്.
മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് പുറമെ മന്ത്രി എം.ബി രാജേഷാണ് പിണറായിയുടെ ലെഫ്റ്റനന്റുമാരായി ഇപ്പോഴുള്ളത്. സ്പീക്കറാക്കിയെങ്കിലും തരംകിട്ടിയാല്‍ എ.എന്‍ ഷംസീറും മറുകണ്ടം ചാടിയേക്കും. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ച് നിലനില്‍പിന്റെ പ്രശ്‌നംകൂടിയാണ്. രാജ്യത്ത് ഒന്നോ രണ്ടോ സീറ്റെങ്കിലും തരപ്പെടുത്തണമെങ്കില്‍ കേരളവും തമിഴ്‌നാടും കനിയണം. അടുത്തിടെ നടന്ന തദ്ദേശഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടിയത് സി.പി.എമ്മിനെ അമ്പരപ്പിച്ചിട്ടുണ്ട്. പതിവായി തദ്ദേശസ്ഥാപനങ്ങളില്‍ മേല്‍കൈ നേടാറുള്ള പാര്‍ട്ടിയാണ് സി.പി.എം.
മുസ്‌ലിംലീഗിനെ കൂടെക്കൂട്ടി വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തനിക്ക് മുഖ്യമന്ത്രിയാകാമെന്ന കണക്കുകൂട്ടലിലാണ് ഗോവിന്ദന്‍ എങ്കിലും പിണറായി വിഭാഗം അതിന് തയ്യാറല്ലെന്നാണ ്അകംസംസാരം. പിണറായിയുടെ ലാവ് ലിന്‍ കേസിന്റെ വിചാരണസംബന്ധിച്ച വിധി വന്നാല്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതമാകും. ആ തക്കത്തില്‍ മുഖ്യമന്ത്രിയാകാനും ഗോവിന്ദന്റെ ശ്രമമുണ്ട്. ബി.ജെ.പിയുമായി അടുത്തുപോകുന്ന പിണറായിയുടെ ശൈലി പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് നീരസം ഉണ്ടാക്കിയത് മുതലെടുക്കാന്‍ കൂടിയാണ് ഗോവിന്ദന്റെ നീക്കം. അതിനാണ് മുസ്‌ലിംലീഗിനെ താങ്ങിയുള്ള ഗോവിന്ദന്റെ പ്രസ്താവനകളെന്നാണ ്പിണറായിപക്ഷം വിലയിരുത്തുന്നത്.
മുന്‍കാലങ്ങളില്‍ പാര്‍ട്ടിയാണ് സര്‍ക്കാരുകളെ നിയന്ത്രിച്ചിരുന്നതെങ്കില്‍ കീഴ് വഴക്കം തെറ്റിച്ച് പിണറായിയെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായതാണ് ഇതിന് കാരണം. മുമ്പ് ബംഗാളില്‍ ജ്യോതിബസു സര്‍വാധിപതിയായി വാണതാണ് ഉള്‍പാര്‍ട്ടി ജനാധിപത്യം തകരുന്നതിനും പാര്‍ട്ടി നിലംപരിശാകുന്നതിനും ഇടയാക്കിയത്. അധികാരഗര്‍വില്‍ പിണറായി ഈ സത്യം മറക്കുന്നുവെന്നാണ ്എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.ഐ മാത്രമാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും മുറുമുറുക്കുന്നത്. എന്നാല്‍ മുണ്ടുടുത്ത മോദിയെന്ന് പിണറായിയെ വിശേഷിപ്പിച്ചതിന് പിണറായിയുടെ പഴികേട്ടതോടെ അവരും ഇപ്പോള്‍ മൗനത്തിലാണ്. വരാനിരിക്കുന്നത് അതുകൊണ്ടുതന്നെ യു.ഡി.എഫിന്റേതാകുമെന്നും അതിന് തടയിടണമെന്നുമാണ് താത്വികനായ എം.വി ഗോവിന്ദന്റെ തീരുമാനം.