X

ഭീമ കൊറേഗാവ് കേസിലെ പ്രസ്താവന: സി.പി.മ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി

കെ.പി ജലീല്‍

ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലിരിക്കെ മരിച്ച ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ കാരണം അദ്ദേഹത്തിനെതിരായ പീഡനമാണെന്ന് വ്യക്തമായിരിക്കെ ,അതുമായി ബന്ധപ്പെട്ട് സി.പി.എം പുറപ്പെടുവിച്ച പ്രസ്താവന പാര്‍ട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതായി. സ്റ്റാന്‍ സ്വാമിക്കെതിരായി പൊലീസ് നിരത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്‍ സംഘടന വ്യക്തമാക്കിയതോടെയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പൗരാവകാശപ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നാണ് പി.ബിയുടെ പ്രസ്താവന..കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരെയും സമാനമായി ജയിലിലടക്കാനും കൊലപ്പെടുത്താനും മടിക്കില്ലെന്ന് പാ്ര്‍ട്ടി കുറ്റപ്പെടുത്തുമ്പോള്‍ ജനം ഓര്‍ക്കുന്നത് കേരളത്തിലെ യു.എ.പി.എ കേസുകളാണ്. സി.പി.എം നേതൃത്തിലുള്ള സര്‍ക്കാര്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെടുത്ത കേസുകളില്‍ പലതും യു.എ.പി.എയുമായി ബന്ധപ്പെട്ടതായിരുന്നു. കോഴിക്കോട്ടെ അലന്‍ ഷുഹൈബ് ,താഹ ഫസല്‍ എന്നിവരെ കേന്ദ്രഏജന്‍സിക്ക് പിടിച്ചുകൊടുത്തത് ഇടതുസര്‍ക്കാരാണ്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിനായിരുന്നു ഭീകരവാദബന്ധം ആരോപിച്ചുള്ള പൊലീസിന്റെ അറസറ്റും പിന്നീടുള്ള എന്‍.ഐ.എയുടെ കൈമാറ്റവും.
ഇതേതുടര്‍ന്ന് സി.പി.എമ്മിനകത്ത് പോലും പ്രതിഷേധം ഉയര്‍ന്നെങ്കിലും പിണറായി സര്‍ക്കാര്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താഹയെ ജാമ്യത്തില്‍ വിട്ടെങ്കിലും ശുഹൈബ് ഇപ്പോഴും ജയിലില്‍തന്നെയാണ്. കോടതിയുടെ കാരുണ്യത്തില്‍മാത്രമാണ് ജാമ്യം ലഭിച്ചത്. 2019 നവംബറിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇരുവരും 21ഉം 24 ഉം വയസ്സുള്ള എസ്.എഫ്.ഐക്കാരായിട്ടും പിണറായിയുടെ പൊലീസ് ഇളവ് കൊടുത്തില്ല, മുസ്‌ലിംകളാണെങ്കില്‍ തീവ്രവാദികളാണെന്ന വാദമാണ ്‌സി.പി.എം പോലും ഉയര്‍ത്തിയത്. പാര്‍ട്ടി പ്രാദേശികനേതൃത്വം എതിര്‍ത്തിട്ടും ജില്ലാ സെക്രട്ടറി പി.മോഹനന്‍ അറസ്റ്റിനെ ന്യായീകരിച്ചു. 2020 സെപ്തംബറില്‍ ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും എന്‍,.ഐ.എ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതി ജാമ്യത്തെ പിന്നീട് അനുകൂലിച്ചു.

യു.എ.പി.എ കേസുകളില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പൗരത്വപ്രക്ഷോഭത്തില്‍പോലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു പിണറായിയുടെ സി.പി.എം സര്‍ക്കാര്‍. സ്റ്റാന്‍സ്വാമിയുടെ കമ്പ്യൂട്ടറില്‍ വ്യാജരേഖകള്‍ പൊലീസ് ചേര്‍ത്തി എന്നാണിപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെങ്കില്‍ ലഘുലേഖക്കപ്പുറം യാതൊരു തെളിവും പന്തീരങ്കാവിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ താലോലിക്കുന്ന സമയത്ത് ഇത്തരം കേസുകള്‍ അനിവാര്യമാണെന്നാണ ്‌സി.പി.എം തന്ത്രജ്ഞരുടെ പക്ഷം. ഇതാണ് തുടര്‍ഭരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍. 2015ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയടക്കം അറസ്റ്റ് ചെയ്തത് കേരളപൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു. ആദ്യപിണറായി ഭരണകാലത്ത് എട്ടുപേരെയാണ് മാവോയിസത്തിന്റെ പേരില്‍ കേരളത്തിലെ വനാന്തരങ്ങളില്‍ വെടിവെച്ചുകൊന്നത്. എന്നിട്ടാണ ്‌സ്റ്റാന്‍സ്വാമിക്കും വരവരറാവുവിനെപോലുള്ളവര്‍ക്കും വേണ്ടിയുള്ള സി.പി.എം പി.ബി.യയുടെ കണ്ണീര്‍!

Chandrika Web: