സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയില്‍ നിന്ന് എ.കെ ശശീന്ദ്രന്‍ പുറത്തേക്ക് പോയത് പിണറായി വിജയന്‍ സര്‍ക്കാരിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരമായി. അടിക്കടിയുണ്ടാകുന്ന വീഴ്ചകളില്‍ നിന്ന് കരകയറാനാകാതെ ധര്‍മസങ്കടത്തിലായിരിക്കെയാണ് മന്ത്രിസഭയിലെ ഒരു വമ്പന്‍ കൂടി കടപുഴകിയത്.
എന്‍.സി.പിയുടെ മന്ത്രി എന്നതിലുപരി പിണറായി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായിരുന്നു ശശീന്ദ്രന്‍. പിണറായിയുടെ വിശ്വസ്തനെന്ന പരിഗണന പല സാഹചര്യങ്ങളിലും ശശീന്ദ്രന് ലഭിച്ചിരുന്നു. എന്നാല്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്നത്ര ഗുരുതരമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണം. ജയരാജന് രാജിവെക്കേണ്ടി വന്നപ്പോള്‍ അത് ‘ധാര്‍മികത’യായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഒരുമന്ത്രി രാജിവെച്ചത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
സര്‍ക്കാര്‍- ഉദ്യോഗസ്ഥ പോരിന്റെയും അഴിമതിയുടെയും ഭരണപരാജയത്തിന്റെയും കരിനിഴലില്‍ നില്‍ക്കുകയാണ് സര്‍ക്കാര്‍. പത്തുമാസത്തിനുള്ളില്‍ രണ്ടു മന്ത്രിമാരുടെ രാജിയുണ്ടായതോടെ പിണറായി ശരിക്കും തകര്‍ന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍ പാര്‍ട്ടിതലത്തില്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് എ.കെ.ജി സെന്ററിലേക്ക് ഇടിത്തീ പോലെ പുതിയ വാര്‍ത്തയെത്തിയത്. ഞെട്ടല്‍ മറച്ചുവെക്കാതെ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സി.പി.എം നേതൃത്വം തന്നെ വിമര്‍ശിച്ചതും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുത്തല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ അടുത്ത ദിവസമാണ് ഒരു വിക്കറ്റുകൂടി നഷ്ടപ്പെട്ട് ടീം പിണറായി തികച്ചും പ്രതിരോധത്തിലായതെന്നത് ശ്രദ്ധേയമാണ്.
2016 ഒക്‌ടോബര്‍ 14നാണ് ബന്ധുനിയമനത്തെ തുടര്‍ന്ന് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. എന്നാല്‍ എന്‍.സി.പി നേതാവായ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് സ്ത്രീയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കസേര നഷ്ടമായത്. രണ്ട് രാജികളും വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും വന്‍ തിരിച്ചടിയായി.
ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ആദ്യമായാണ് മന്ത്രിപദത്തിലെത്തിയത്. ഇരുവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന് മാത്രമല്ല, രണ്ടുപേരുടെയും രാഷട്രീയ ഭാവിതന്നെ ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. ജയരാജന്റെ ബന്ധുനിയമന കേസ് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ശശീന്ദ്രനാകട്ടെ അടുത്ത ദിവസം തന്നെ അന്വേഷണം നേരിടേണ്ടിവന്നേക്കും.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ശശീന്ദ്രന്‍ 2011ലും നിയമസഭയില്‍ ഏലത്തൂരിനെ പ്രതിനിധീകരിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടു നിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തി. അഞ്ചാംതവണ എം.എല്‍.എ ആയപ്പോഴാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും എന്‍.സി.പി നേതൃത്വവും പിണറായിയും ശശീന്ദ്രനെയാണ് പിന്തുണച്ചത്.
തുടര്‍ച്ചയായ തിരിച്ചടി: ടീം പിണറായി ധര്‍മസങ്കടത്തില്‍
Tags: ldfldf_government