X

‘വര്‍ജനത്തില്‍’ വെള്ളം ചേര്‍ത്ത് എല്‍.ഡി.എഫ്; മദ്യം മദ്യം സര്‍വത്രെ

തിരുവനന്തപുരം: മദ്യോല്‍പാദനത്തിന് പുതിയ സങ്കേതങ്ങള്‍ തേടിക്കൊണ്ടുള്ള മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കേരളത്തില്‍ മദ്യമൊഴുകും. നൂറിലധികം വിദേശ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ഇതിനൊപ്പം ഐ.ടി മേഖലക്ക് ബാറുകള്‍ അനുവദിക്കുന്നു. മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയം എന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി എല്ലാ മേഖലകളിലും മദ്യം സുലഭമാക്കാനാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. മദ്യവര്‍ജനം നയമാക്കി, ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരികയും അതിലൂടെ ഭാവിയില്‍ കേരളം മദ്യവിമുക്തമാക്കുകയും ചെയ്യുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം എന്നാണ് പ്രകടന പത്രികയില്‍ എഴുതിവെച്ചിട്ടുള്ളത്.

എന്നാല്‍ മരച്ചീനി, ജാതിക്ക, കശുമാങ്ങ, പൈനാപ്പിള്‍ തുടങ്ങി വാഴപ്പഴം വരെയുള്ളവയില്‍ നിന്നുപോലും മദ്യമുണ്ടാക്കാനാണ് തീരുമാനം. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യവിപണിയാക്കി മാറ്റും. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇതുവരെ 511 ബാറുകളാണ് തുറന്നത്. 200 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 29 ബാറുകള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 540 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

ഒമ്പത് ക്ലബ്ബുകള്‍ക്കും മദ്യം വിളമ്പാന്‍ പിണറായി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. ഇടത് സര്‍ക്കാര്‍ ആറുതവണ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു. ഇതില്‍ മൂന്നുതവണ വില്‍പന നികുതിയിനത്തിലും ഒരുതവണ എക്‌സൈസ് ഡ്യൂട്ടി ഇനത്തിലുമാണ് വര്‍ധിപ്പിച്ചത്. രണ്ടുതവണ മദ്യവിതരണ കമ്പനികള്‍ക്കുള്ള വിലയിനത്തിലും വര്‍ധനവുണ്ടായി. മദ്യമാഫികളുമായി എല്‍.ഡി.എഫ് നേതാക്കള്‍ ഒത്തുകളിച്ചെന്ന യു.ഡി.എഫ് ആരോപണം ശരിവെക്കുന്നതാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ കണ്ടുവരുന്നത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് മറ്റെല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടപ്പോഴും മദ്യമേഖലയില്‍ കാര്യമായ ക്ഷീണമുണ്ടായില്ല.

Test User: