X

വണ്‍വേ തെറ്റിച്ച് അഭിഭാഷകയുടെ കാര്‍; തൃശൂരില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

യുവതി ഓടിച്ച കാര്‍ വണ്‍വേ തെറ്റിച്ച് എത്തിയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം മുടങ്ങിയതോടെ യുവതിയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി. വെള്ളാങ്കല്ലൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആളൂര്‍ സ്വദേശിയായ അഭിഭാഷയാണ് കാറുമായി എത്തിയത്. കുറുക്കഞ്ചേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് സംസ്ഥാന ഹൈവേയില്‍ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നുണ്ട്. ഈ പാതയില്‍ വെള്ളാങ്കല്ലൂര്‍ ഭാഗത്തുനിന്ന് ഉള്‍പ്പെടെ വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ വഴി തിരിഞ്ഞ് പോകുന്നതിനായി മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് യുവതി വണ്‍വേ തെറ്റിച്ച് കാറുമായി എത്തിയത്.

വെള്ളാങ്കല്ലൂര്‍ ജങ്ഷന്‍ എത്തുത്തന്നിന് മുമ്പായി ബസ് ഉള്‍പ്പെടെയുള്ളവ എതിരെ വന്നപ്പോള്‍ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവര്‍ കാര്‍ നിര്‍ത്തിയത്. ആളുകള്‍ വണ്ടി മാറ്റാന്‍ പറഞ്ഞപ്പോള്‍ വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ അഭിഭാഷക സമ്മതിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അഭിഭാഷകയാണെന്ന് പറഞ്ഞ ഇവര്‍ വാഹനം പുറകോട്ട് എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുമൂലം വഴിയില്‍ കുടുങ്ങിയത്.

ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പുറത്തിറങ്ങിയതോടെ യുവതി കാര്‍ ഓഫാക്കി. പൊലീസ് എത്തിയാല്‍ മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂവെന്ന് നിലപാടെടുത്തു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിയത്. യുവതിക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു.

webdesk13: