കുപ്രസിദ്ധ ഗുണ്ടാസംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്ക് അഭിമുഖം നടത്താന്‍ പൊലീസ് സ്റ്റേഷനില്‍ സൗകര്യം ഒരുക്കിയതില്‍ പഞ്ചാബ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ്-ഹരിയാന കോടതി. ടെലിവിഷന്‍ അഭിമുഖത്തിനുവേണ്ടി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫിസ് ആണ് അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു. ലോറന്‍സും പൊലീസുകാരും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും കോടതി നിര്‍ദേശിച്ചു.
മറ്റ് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ താന്‍ നേതൃത്വം നല്‍കുന്ന എസ്.ഐ.ടിക്ക് അധികാരമില്ലെന്ന് പ്രത്യേക ഡി.ജി.പി പ്രബോധ് കുമാര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ജയില്‍ പരിസരത്ത് തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ വാദം കേള്‍ക്കുന്നതിനിടെയാണ് പരാമര്‍ശം.
ലോറന്‍സിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പഞ്ചാബ് ഗായകന്‍ സിദ്ധു മൂസവാല ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകക്കേസുകളില്‍ പങ്കാളിയാണ് ഇയാള്‍. 2023 മാര്‍ച്ചില്‍ ബിഷ്‌ണോയിയുമായുള്ള അഭിമുഖം എ.ബി.പി ന്യൂസ് പുറത്തുവിട്ടിരുന്നു. കൊലപാതത്തിന്റെ ആസൂത്രണത്തെ കുറിച്ചാണ് ബിഷ്‌ണോയി അഭിമുഖത്തില്‍ വിവരിക്കുന്നത്.