ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യനും ഉറപ്പുവരുത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയാണ്, പ്രത്യേകിച്ച് സര്‍ക്കാര്‍ കസ്റ്റഡിയിലുള്ളവരുടെ ജീവന്റെ സുരക്ഷ ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്. സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അതീഖ് അഹമ്മദിനെയും സഹോദരന്‍ അശ്‌റഫ് അഹമ്മദിനെയും പൊലീസ് വലയത്തിനുള്ളില്‍ അതിക്രൂരമായി വെടിവെച്ച് കൊന്ന സംഭവം ഉത്തര്‍പ്രദേശില്‍ ഇത്തരമൊരു സാഹചര്യമില്ല എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തത്സമയ ക്യാമറകള്‍ മിഴിതുറന്ന് നില്‍ക്കെ പൊലീസ് വലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ് നടന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ഇതിനു രണ്ടു ദിവസം മുമ്പ് അതീഖ് അഹമ്മദിന്റെ മകന്‍ അസദ് ഝാന്‍സിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അതീഖ് അഹമ്മദിന്റെ ജീവിതവും മരണവും ഉത്തര്‍പ്രദേശിലെ തകര്‍ന്ന നിയമവാഴ്ചയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
ഇത്തരം ചോരപ്പാടുകളുടെ നിരവധി കഥകള്‍ പറയാനുണ്ട് ഉത്തര്‍പ്രദേശ് തെരുവുകള്‍ക്ക്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 183 കുറ്റവാളികളാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതെന്ന് യു.പി പൊലീസ് പറയുന്നു. 2017 മാര്‍ച്ചിന് ശേഷം 10,900ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് വെച്ച് ഒരു യുവാവ് വെടിയേറ്റുമരിച്ചത് യോഗി ഭരണത്തിന്റെ തുടക്കത്തില്‍ ഏറെ വിവാദമായിരുന്നു. യു.പിയില്‍ ഓരോ 13 ദിവസത്തിലും ഒരു ഏറ്റുമുട്ടല്‍ കൊല നടക്കുന്നുവെന്നാണ് കണക്ക്. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ ഏത് നിയമവാഴ്ചയുടെയും കേന്ദ്ര ബിന്ദുവാണ്. ഒരിക്കല്‍ അതിനെ കുറുക്കുവഴികളിലൂടെ തരണം ചെയ്യാന്‍ അനുവദിച്ചാല്‍ അരാജകത്വമായിരിക്കും ഫലം. നിയമത്തിന്റേയും നടപടിക്രമങ്ങളുടേയും സംശയാസ്പദവും വിവേചനപരവുമായ പ്രയോഗത്തിലൂടെ യു.പി പൊലീസും ഭരണകൂടവും നിയമപരമായ അധികാരത്തിന്റെ അതിരുകള്‍ കടന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ. കോടതിക്കും വിചാരണക്കും കാത്തുനില്‍ക്കാതെ കുറ്റം ചുമത്തുന്നു, വധശിക്ഷ നടപ്പാക്കുന്നു. കൊലപാതകത്തിന്പിന്നാലെ യു.പിയിലെ മന്ത്രിമാരടക്കമുള്ള ഉന്നതര്‍ നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നത്തിന്റെ പ്രഭവ കേന്ദ്രം മനസ്സിലാകും. മധുരം വിതരണം ചെയ്ത് മരണത്തില്‍ സന്തോഷം കണ്ടെത്തുന്ന അനുയായികളാണ് ഇവര്‍ക്ക് കരുത്ത്.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്നവരുടേയും രാഷ്ട്രീയ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടേയും സ്വത്തുകള്‍ നശിപ്പിക്കുന്നത് ഉത്തര്‍പ്രദേശില്‍ പതിവായിമാറിയിരിക്കുകയാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുകളയുന്ന പ്രവണത ഇയ്യിടെയായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു ക്രൂരതയാണ്. യാതൊരു നിയമ പിന്തുണയുമില്ലാതെയാണ് ഈ പ്രവൃത്തിയെന്നത് ഓര്‍ക്കണം. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുയായികളുടേയുമിടയില്‍ ഈ നിലപാട് ഏറെ പ്രചാരം നേടിയിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് കേവലം നിയമലംഘനം മാത്രമല്ല, സമൂഹത്തെ കാര്‍ന്നുതിന്നുന്ന മഹാമാരിയായും മാറുന്നു.
രാജ്യത്തെ ഒരു സംസ്ഥാനത്ത് ഈ നിലക്ക് ക്രമസമാധാനം തകര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാറിന് ഒരു അനക്കവുമില്ല. പിരിച്ചുവിട്ടുകളയുമെന്ന ഭീഷണിയില്ല. യു.പി ഭരിക്കുന്നവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളാരും ചെല്ലുന്നില്ല. തങ്ങളുടെ കണ്‍ മുമ്പില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന് യു. പി പൊലീസ് ഉത്തരം പറയേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തില്‍ അവിടെയെത്താനും അതീഖിനും സഹോദരനും തൊട്ടടുത്ത്‌നിന്ന് വെടിയുതിര്‍ക്കാനും അക്രമികള്‍ക്ക് എവിടെ നിന്നെങ്കിലും സഹായം ലഭിച്ചോ? പിടിക്കപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ? അല്ലെങ്കില്‍ നടത്തിപ്പുകാര്‍ മാത്രമാണോ? യഥാര്‍ഥ ഗുണഭോക്താക്കള്‍ തിരശീലക്കു പിന്നിലാണോ? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്. പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മീഷന്റെ അന്വേഷണത്തിന് ഇതിനെല്ലാം ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന് ആര്‍ക്കും വിശ്വാസമില്ല. സംസ്ഥാന സര്‍ക്കാരും പൊലീസും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിവേചനം കാട്ടുകയും നിയമങ്ങള്‍ കാറ്റില്‍പറത്തുകയും ചെയ്യുന്നു എന്ന ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. പ്രത്യക്ഷമായി സ്വതന്ത്ര സ്വഭാവമുള്ള അന്വേഷണമാണ് അവശ്യം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സമഗ്രമായ അന്വേഷണമായിരിക്കും അഭികാമ്യം. അതിനുപക്ഷേ, യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധമുള്ളത്?.