ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ചട്ടം ഭേദതി ചെയ്യുന്നത് വൈകുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നാലുമാസമായി നിയമവകുപ്പില്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. രണ്ടും മൂന്നും സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കി ചട്ടം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കടമ്പകള്‍ ബാക്കിയാക്കി ചുവപ്പുനാടയില്‍ കുരുങ്ങുന്നത്.
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്‍ നടത്തിയ നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് സംവരണം ബാധകമാക്കി മന്ത്രിസഭായോഗ തീരുമാനമുണ്ടായത്. തുടര്‍ന്ന് ഫയല്‍ നിയമവകുപ്പിന് കൈമാറി. സര്‍ക്കാര്‍ തീരുമാനത്തിന് നിയമവകുപ്പ് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതാണ് വെച്ചുതാമസിപ്പിക്കുന്നത്. നിയമവകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫയല്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തണം. രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം നല്‍കാനുള്ള പുതിയ ചട്ടം എഴുതിച്ചേര്‍ത്ത ഫയല്‍ മുഖ്യമന്ത്രി പി.എസ്.സിക്ക് നല്‍കണം.
സര്‍ക്കാര്‍ റൂള്‍ അനുസരിച്ച് കെ.എ.സ് റിക്രൂട്ട്‌മെന്റ് നടത്താനാകുമെന്ന് രേഖപ്പെടുത്തി പി.എസ്.സി ഈ ഫയല്‍ സര്‍ക്കാരിന് തിരിച്ചയക്കണം. വീണ്ടും ഇത് മന്ത്രിസഭായോഗത്തില്‍ വെച്ച് അന്തിമാനുമതി നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് പുതിയ ചട്ടം ഉള്‍പെടുത്തിയ കെ.എ.എസ് ഫയല്‍ നിയമസഭയുടെ മേശപ്പുറത്ത് വെക്കണം. ഇത്രയും ഘട്ടങ്ങള്‍ കടന്നുകിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ എന്നിരിക്കെയാണ് നിയമവകുപ്പ് ഫയല്‍ പൂഴ്ത്തിവെച്ചിരിക്കുന്നത്.
കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം നിഷേധിച്ച സര്‍ക്കാര്‍ നടപടി 2017 നവംബര്‍ 24ന് ‘ചന്ദ്രിക’ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ കേഡറിലെ സംവരണ അട്ടിമറി പുറത്തുവന്നത്. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. തുടര്‍ന്ന് വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങി. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ നടത്തി. ഇക്കഴിഞ്ഞ ജനുവരി 22നാണ് സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്താന്‍ തയാറായത്. ഇതനുസരിച്ച് കെ.എ.എസിലെ 150 തസ്തികകളിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണം ഉറപ്പാക്കുന്ന തരത്തില്‍ 2017 ഡിസംബര്‍ 29 നിറക്കിയ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ചട്ടഭേദഗതി വരുന്നതോടെ എല്ലാ വകുപ്പുകളിലെയും നോണ്‍ ഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിലും സംവരണമുണ്ടാകും. പിന്നാക്ക, ന്യൂനപക്ഷ അധസ്ഥിത വിഭാഗങ്ങള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും.
ചീഫ്‌സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് തയ്യാറാക്കിയ കരടുവിജ്ഞാപനത്തില്‍ 100 തസ്തികകളില്‍ സംവരണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംവരണ വിരുദ്ധ ലോബി ഇടപെട്ട് പിന്നീട് സ്ട്രീം-1ലെ 50 തസ്തികകളിലേക്ക് ചുരുക്കുകയായിരുന്നു. തസ്തികമാറ്റത്തിലൂടെ (ബൈട്രാന്‍സ്ഫര്‍) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്. പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട സംവരണം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മിഷനും സ്ട്രീം-2, സ്ട്രീം-3 എന്നിവയിലും സംവരണം ബാധകമാക്കി നിയമഭേദഗതി കൊണ്ടുവരണമെന്ന് പട്ടിജാതി, പട്ടിക ഗോത്രവര്‍ഗ കമ്മിഷനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.