X

ലോ അക്കാദമി സമരത്തില്‍ സര്‍ക്കാറിനെതിരെ കാനം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോ അക്കാദമി സമരം വലുതാക്കിയത് സര്‍ക്കാറും മാനേജ്‌മെന്റുമാണെന്നും കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ രക്ഷിക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. ലോ അക്കാദമി സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് എ.ഐ.വൈ.എഫ് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ജനകീയ സമരങ്ങളോട് മുഖം തിരിച്ചാല്‍ എന്താകുമെന്ന് നന്ദിഗ്രാമില്‍ കണ്ടതാണ്.

എ.ഐ.എസ്.എഫിന്റെ സാന്നിധ്യമാണ് സമരത്തിന്റെ ക്രെഡിറ്റ് ബി.ജെ.പി കൊണ്ടുപോകാതിരിക്കാന്‍ കാരണമെന്നും കാനം പറഞ്ഞു. ജനകീയ സമരങ്ങളില്‍ നിന്നും മുഖം തിരിച്ചാല്‍ ജനങ്ങള്‍ തിരിഞ്ഞുനടക്കും. ലോ അക്കാദമിയിലെ സമരത്തിന്റെ വിജയത്തിന് പിന്നില്‍ വിദ്യാര്‍ത്ഥികളുടെ യോജിച്ച പോരാട്ടമാണ്. ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന നിസാര പ്രശ്‌നത്തില്‍ മാനേജുമെന്റും സര്‍ക്കാറുമെടുത്ത ധാര്‍ഷ്ട്യമാണ് സമരം ശക്തിപ്പെടാന്‍

കാരണമായത്. സി.പി.ഐ സി.പി.എമ്മിനൊപ്പം നില്‍ക്കുന്നത് ഉറച്ച ധാരണകളുടെ പുറത്താണ്. രണ്ടു പാര്‍ട്ടികളാകുമ്പോള്‍ വ്യത്യസ്ത സമീപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമരമുഖത്തേക്ക് സധൈര്യം ഇറങ്ങിവന്ന ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ മനോവീര്യം സമൂഹത്തിനു മാതൃകയാണെന്നും കാനം കൂട്ടിചേര്‍ത്തു. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് കാനം രാജേന്ദ്രന്‍ ഉപഹാരം നല്‍കി. സി. ദിവാകരന്‍ എം.എല്‍.എ വിദ്യാര്‍ത്ഥികളെ പൊന്നാടയണിയിച്ചു സ്വീകരിച്ചു.

chandrika: