തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഒരാഴ്ച മുന്‍പ് എസ്.എഫ്.ഐയുമായി മാനേജ്‌മെന്റുണ്ടാക്കിയ കരാറില്‍ നിന്ന് രാപ്പകല്‍ വ്യത്യാസമുണ്ട് ഇന്നലെ വിദ്യാഭ്യാസമന്ത്രി ഒപ്പിട്ടുനല്‍കിയ കരാറിന്. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് പകരം വൈസ് പ്രിന്‍സിപ്പലിന് ചുമതല നല്‍കുന്നുവെന്നാണ് എസ്.എഫ്.ഐയുമായി ജനുവരി 31ന് മാനേജ്‌മെന്റുണ്ടാക്കിയ കരാറില്‍ പറയുന്നത്.
എന്നാല്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളുമായി ഇന്നലെ ഉണ്ടാക്കിയ കരാറില്‍ ലക്ഷ്മി നായരെ മാറ്റിനിര്‍ത്തുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്. മാറ്റിയെന്നും ഒഴിഞ്ഞുവെന്നും പറയുന്നത് ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന വാക്കുകളല്ലെന്ന കാര്യം രണ്ടും ഒരു കരാര്‍ തന്നെയെന്ന് വാദിക്കുന്നവര്‍ വിട്ടുകളയുന്നു.
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായോ ഫാക്കല്‍റ്റിയായോ അഞ്ചുവര്‍ഷത്തേക്ക് ഉണ്ടാകില്ലെന്നാണ് എസ്.എഫ്.ഐയുമായുണ്ടാക്കിയ കരാറിലെ മറ്റൊരു വ്യവസ്ഥ. അതായത്, അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് അവര്‍ക്കു ഇന്നത്തേതിലും ശക്തിയോടെ പ്രിന്‍സിപ്പലായി തിരിച്ചെത്താനുള്ള ഒരു അദൃശ്യമായ വ്യവസ്ഥ എസ്.എഫ്.ഐയും മാനേജ്‌മെന്റും ബോധപൂര്‍വം ആദ്യ കരാറില്‍ കൊണ്ടുവരികയായിരുന്നു. പുതിയ കരാര്‍ പ്രകാരം കാലാവധി നിശ്ചയിക്കാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും.
പുതിയ പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്‌മെന്റിന് അധികാരവുമുണ്ടാകില്ല. എസ്.എഫ്.ഐയുമായുണ്ടാക്കിയ കരാര്‍ പോലെ വൈസ് പ്രിന്‍സിപ്പലിന് ചുമതല നല്‍കുകയല്ല ഇപ്പോള്‍ ചെയ്യുന്നത്. യു.ജി.സി മാനദണ്ഡപ്രകാരം നിശ്ചിത യോഗ്യതയുള്ളയാളെ തന്നെ പ്രിന്‍സിപ്പലായി നിയമിക്കുമെന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പ് ലഭിച്ചിരിക്കുന്നത്.
എസ്.എഫ്.ഐയുമായി കരാര്‍ മാനേജ്‌മെന്റ് ലംഘിച്ചാല്‍ എസ്.എഫ്.ഐക്ക് മാത്രമല്ല, പാര്‍ട്ടിക്ക് പോലും ഇടപെടാനാകില്ല. സര്‍ക്കാറിനും ഇടപെടാന്‍ കഴിയില്ല. കോടതിയില്‍ പോയാലും നിയമസാധുതയുണ്ടാകില്ല.
എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പ്രൊ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രിയുടെ കയ്യൊപ്പോടെയും മുദ്രയോടെയുമാണ് പുതിയ കരാര്‍ തയാറാക്കിയത്. മാനേജ്‌മെന്റ് കരാര്‍ ലംഘനം നടത്തിയാല്‍ ആ നിമിഷം ഇടപെടാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് പുതിയ കരാര്‍. പഴയ കരാറില്‍ സര്‍ക്കാറിന് കാഴ്ചക്കാരന്റെ റോള്‍ പോലുമില്ലായിരുന്നുവെന്നതും എസ്.എഫ്.ഐ വിസ്മരിക്കുന്നു.