തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയും പരാജയം. പ്രിന്‍സിപ്പാലിന്റെ രാജിയില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോരുകയായിരുന്നു.
ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാലിന്റെ രാജിയില്‍ ഉറച്ചുനിന്നു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാനാണ് മന്ത്രി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ രാജിയില്‍ ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. മന്ത്രിയും വിദ്യാര്‍ത്ഥികളും ഏറെ നേരം വാഗ്വാദത്തിലേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ചര്‍ച്ചയില്‍ നിന്ന് മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയി.
മാനേജ്മെന്റിനെ തുണക്കുന്ന നിലപാടാണ് യോഗത്തില്‍ ഉടനീളം വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്ന് കെ.എസ്.യുവും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും ആരോപിച്ചു. തിങ്കളാഴ്ച മുതല്‍ ലോ അക്കാദമിയില്‍ ക്ലാസ് ആരംഭിക്കുമെന്ന് യോഗശേഷം മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പൊലീസ് സഹായത്തോടെ വേണ്ടിവന്നാല്‍ ക്യാമ്പസില്‍ ക്ലാസ് പുനരാരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ക്ലാസ് ആരംഭിച്ചാല്‍ ക്ലാസിലെത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.