തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന് നഷ്ടമായ കോടിക്കണക്കിന് രൂപ ഉത്തരവാദികളില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് പ്രത്യേക കോടതി തള്ളിയത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യങ്ങളായിരിക്കാമെങ്കിലം അഴിമതി നിരോധനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക വിജിലന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ഹര്‍ജി തള്ളിയത്.
സര്‍ക്കാര്‍ പതിച്ചുനല്‍കിയ 12 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് അന്വേഷിക്കാന്‍ മറ്റ് അധികാര സ്ഥാനങ്ങളെ ബന്ധപ്പെടാവുന്നതാണെന്ന് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിവിധി പ്രകാരമുള്ള ലളിതകുമാരി കേസ് ഇതിനായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
വിദ്യാഭ്യാസ ആവശ്യത്തിനായാണ് 1984ല്‍ അക്കാദമി ട്രസ്റ്റിന് സര്‍ക്കാര്‍ 12 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയത്. സെന്റിന് വെറും 250 രൂപ നിരക്കിലാണ് ഭൂമി നല്‍കിയത്. എന്നാല്‍ ഒരേക്കര്‍ മാത്രമാണിപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തിനായി ഉപയോഗിക്കുന്നത്. ബാക്കിവരുന്ന ആറ് ഏക്കറില്‍ സ്വകാര്യ ഫ്‌ളാറ്റുകളും ഹോട്ടലും ബാങ്കും പ്രവര്‍ത്തിക്കുന്നു. ശേഷിക്കുന്ന നാലേക്കര്‍ ഒന്നിനും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. അക്കാദമി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടത്തിനും കോര്‍പറേഷന്റെ ബില്‍ഡിംഗ് നമ്പറോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ല. എന്നാലും ഈ കെട്ടിടങ്ങളില്‍ വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ കോളജ് ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത് മുന്തിയതരം ഹോട്ടലായാണ്. ഇവിടെ പുറത്തുനിന്നുള്ളവര്‍ക്കും ഭക്ഷണം കൊടുക്കുന്നുണ്ട്. അതുപോലെ അക്കാദമി കോമ്പൗണ്ടില്‍ ഒരു ബാങ്കും നാല് ഫ്‌ളാറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ഫ്‌ളാറ്റുകള്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്ന പേരിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ താമസിക്കുന്നത് അക്കാദമി ട്രസ്റ്റ് ഭാരവാഹികളാണ്. പൊതുപ്രവര്‍ത്തനായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.