തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 23-ാം ദിവസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ കെ. മുരളീധരന്‍ എം.എല്‍.എയും നിരാഹാരത്തിലേക്ക്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുരളീധരന്റെ അനിശ്ചിതകാല നിരാഹാര സമരം. രാവിലെ 10 മുതല്‍ നിരാഹാരസമരം ആരംഭിച്ചു. അതേസമയം, നിരാഹാരം നടത്തിവന്ന ബി.ജെ.പി നേതാവ് വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. പകരം വിവി രാജേഷ് ഉപവാസ സമരം ആരംഭിച്ചു.
പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസില്‍ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. നേരത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നിരുന്നത്. പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ അഞ്ചു വര്‍ഷത്തേക്ക് മാറി നില്‍ക്കുമെന്ന് അറിയിച്ചതോടെ എസ്.എഫ്.ഐ സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
എന്നാല്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. പ്രിന്‍സിപ്പാല്‍ രാജിവെക്കുംവരെ സമരമെന്ന ആവശ്യത്തില്‍ സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്.
അതിനിടെ, സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കളക്ടര്‍ മുന്നോട്ടുവന്നിട്ടുണ്ട്. പോലീസ് സുരക്ഷയില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.