കൊച്ചി: ലാവ്‌ലിന്‍ കേസില്‍ വാദിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകന്റെ വാദം. ലാവ്‌ലിന്‍ കേസ് സി.ബി.ഐ പിണറായി വിജയനെതിരെ കെട്ടിച്ചമച്ചതാണെന്നും, പിണറായി വിജയനെതിരെ സി.ബി.ഐ കണ്ടെത്തിയ വസ്തുതകളും പരാമര്‍ശങ്ങളും ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്റെ അഭിഭാഷകനായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ജസ്റ്റിസ് പി. ഉബൈദ് മുമ്പാകെ വാദിച്ചു.
കേസ് സി.ബി.ഐ സൃഷ്ടിച്ച നാടകം മാത്രമാണെന്നും അടിസ്ഥാന രഹിതമാണെന്നും സാല്‍വെ വാദിച്ചു. സി.ബി.ഐയുടെ കുറ്റപത്രം നിലനില്‍ക്കാത്തതാണെന്ന് രേഖകള്‍ ഹാജരാക്കി സാല്‍വെ വാദിച്ചു. ലാവ്‌ലിന് കരാര്‍ നല്‍കിയത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ള സി.ബി.ഐ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ഇത്തരം പദ്ധതികള്‍ കനേഡിയന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഏജന്‍സിയായിരുന്നു ലാവ്‌ലിന്‍ എന്നും സാല്‍വെ ചൂണ്ടിക്കാട്ടി.
കസ്തൂരി രംഗ അയ്യര്‍, രാധാകൃഷ്ണപിള്ള, ഡോ. രാജഗോപാല്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പദ്ധതിയുടെ നവീകരണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകും മുമ്പായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകളുടെ ആധികാരികത സംബന്ധിച്ച് സി.ബി.ഐക്ക് തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ കരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദത്തിന് കഴമ്പില്ലായെന്ന് സാല്‍വെ വാദിച്ചു.
ആഗോള കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അവലംബിച്ചാണ് ലാവ്‌ലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇത്തരം കരാറുകളുടെ സാങ്കേതികത്വവും, സാമ്പത്തികവുമായ വശങ്ങള്‍ പരിശോധിക്കാനുള്ള പരിജ്ഞാനം സി.ബി.ഐക്കില്ല. രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് സാമൂഹ്യസേവനത്തിനുള്ള പദ്ധതികളുണ്ട്. ഇവ ധാരണയുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്നും നിയമസാധുതയുള്ള കരാര്‍ വ്യവസ്ഥയായി വ്യാഖ്യാനിക്കാനാവില്ല.പിണറായിയുടെ കാനഡ സന്ദര്‍ശനം സാമൂഹ്യ സേവന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ്. തന്റെ മണ്ഡലത്തിലെ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സാമ്പത്തി ക സഹായം ലഭിക്കുമോയെന്ന് ശ്രമിക്കുന്നതിന് എന്താണ് തെറ്റെന്ന് സാല്‍വെ കോടതി മുമ്പാകെ ചോദിച്ചു.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതി നവീകരണ കാര്യത്തില്‍ ഇ. ബാലാനന്ദന്‍, സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചിട്ടില്ല. ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ താല്‍ക്കാലിക നിര്‍ദ്ദേശങ്ങളും മാര്‍ഗങ്ങളും മാത്രമായിരുന്നു. സുബൈദ കമ്മിറ്റികളില്‍ പദ്ധതികളുടെ നവീകരണമാണ് പ്രതിപാദിച്ചിരുന്നത്. ഏത് നിര്‍ദ്ദേശമാണ് കണക്കിലെടുക്കേണ്ടതെന്ന് വൈദ്യുതി ബോര്‍ഡും ചെയര്‍മാനുമാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ വിവേചനാധികാരമാണെന്ന് സാല്‍വെ വാദിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും വിദേശ സാമ്പത്തിക സഹായത്തോടെ വൈദ്യുതി നവീകരണ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 2001ല്‍ മാത്രമാണ് കരാര്‍ കാലഹരണപ്പെട്ടത്. 98ല്‍ തന്നെ പിണറായി മന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. കുറ്റപത്രത്തിലെവിടെയും ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ലാവ്‌ലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്ങനെയെങ്കില്‍ തീരുമാനം എടുത്ത കേന്ദ്ര ഏജന്‍സിയെയും സി.ബി.ഐ പ്രതി ചേര്‍ക്കേണ്ടിയിരുന്നുവെന്നും സാല്‍വെ വാദിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെയാണ് കരാര്‍ നടപ്പാക്കിയത്. ലോക ബാങ്കിന്റെയും കനേഡിയന്‍ സര്‍ക്കാരിന്റെയും അംഗീകാരം ലാവ്‌ലിനുണ്ട്. ഇക്കാര്യത്തില്‍ സി.ബി.ഐക്കും വ്യത്യസ്തമായ അഭിപ്രായമില്ല. കരാറുകള്‍ തയ്യാറാക്കുമ്പോള്‍ ഇനി സി.ബി.ഐയുടെ അംഗീകാരവും വേണ്ടി വരുമോയെന്നും പിണറായിയുടെ അഭിഭാഷകന്‍ പരിഹസിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഗ്രാന്റ് നേടിയെടുക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ പരിശോധിച്ചാല്‍ കനേഡിയന്‍ ഹൈക്കമ്മീഷണറും ആശയ വിനിമയത്തില്‍ പങ്കാളിയായിട്ടുണ്ട്. അതിനാല്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെയും പ്രതി ചേര്‍ക്കേണ്ടതില്ലെയെന്ന് സാല്‍വെ ചോദിച്ചു.
എല്‍.ഡി.എഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്‍, ചീഫ് സെക്രട്ടറി സി.പി.നായര്‍ എന്നിവരെ പ്രതിയാക്കാതെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെയും ബോര്‍ഡ് ചെയര്‍മാനെയും മാത്രമാണ് പ്രതികളാക്കിയത്. 90കളില്‍ രാജ്യത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ച് നയം മാറ്റം നടത്തിയത് പരാമര്‍ശിച്ചാണ് സാല്‍വെ വാദം തുടങ്ങിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അക്കാലഘട്ടത്തില്‍ വൈദ്യുതി ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികളുടെ നവീകരണ പദ്ധതികള്‍ ആരംഭിച്ചത് – സാല്‍വെ പ്രാരംഭ വാദത്തില്‍ വ്യക്തമാക്കി.
വസ്തുതകള്‍ വളച്ചൊടിച്ചാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കരാര്‍ നടപ്പിലാക്കിയതിലൂടെ ആര്‍ക്കെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടായതായി സി.ബി.ഐക്ക് പരാതിയില്ലെന്നും സാല്‍വെ ചൂണ്ടിക്കാട്ടി. രാവിലെ 11.30നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹാരിഷ് സാല്‍വെ പിണറായി വിജയനുവേണ്ടി വാദം തുടങ്ങിയത്. കേസ് കൂടുതല്‍ വാദത്തിനായി ഈ മാസം 27 ലേക്ക് മാറ്റി.