X

ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിയുടെ സാംഗത്യം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തുരിരംഗ അയ്യരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കേരള ഹൈക്കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തന്നെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേസില്‍ എല്ലാ പ്രതികള്‍ക്കും കൂട്ടുത്തരവാദിത്തമാണ്. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളേയും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച പുനഃപ്പരിശോധനാ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കുകയും മറ്റുള്ളവരോട് വിചാരണ നേരിടാന്‍ ആവശ്യപ്പെടുകയും ചെയ്തത്. പിണറായിക്കു പുറമെ ഊര്‍ജ്ജ വകുപ്പിലെ മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയാണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. അതേസമയം വൈദ്യുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ കെ.ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇവര്‍ കേസില്‍ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാണ്.

chandrika: