ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഡിസംബര്‍ മൂന്നിന് പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്‍ മൂന്നിന് കേസിലെ മുഴുവന്‍ ഹര്‍ജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.
സിബിഐയുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേസ് മാറ്റിവയ്ക്കുന്നതെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. കൂടുതല്‍ രേഖകള്‍ ശേഖരിക്കേണ്ടതുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാനാണ് നേരത്തെ സിബിഐ ആവശ്യപ്പെട്ടിരുന്നത്.
ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളുമാണ് ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കുക.