X
    Categories: Video Stories

വിവാഹ വാഗ്ദാനം നല്‍കി സൈനികന്‍ പീഡിപ്പിച്ചു; പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ലാത്തൂര്‍: വിവാഹ വാഗ്ദാനം നല്‍കി സൈനികന്‍ പീഡിപ്പിച്ച പതിനഞ്ചുകാരിയെ സ്‌കൂളില്‍ നിന്നു പുറത്താക്കി. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. തന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് കൈക്കൂലി ചോദിച്ചതായും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആരോപിച്ചു.

സൈന്യത്തില്‍ ഉദ്യോഗസ്ഥനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി താനുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹത്തിന് താല്‍പര്യമില്ലെന്ന് സൈനികന്‍ വ്യക്തമാക്കിയതോടെ കഴിഞ്ഞ ഏപ്രിലില്‍ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഏപ്രിലില്‍ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

50,000 രൂപയാണ് പരാതി സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കരിമ്പ് വെട്ടിയാണ് കുടുംബം ഉപജീവനം കഴിയുന്നതെന്ന് കുട്ടിയുടെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെ സൂപ്രണ്ടിനെ നേരിട്ടു കണ്ടാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും സൈനികനെതിരെ കേസെടുക്കുകയും ചെയ്തു.

പരാതി നല്‍കിയതിനു പിന്നാലെയാണ് സ്‌കൂളില്‍ നിന്നു പുറത്താക്കിയത്. അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ വന്നപ്പോള്‍, ഇനി സ്‌കൂളില്‍ വരേണ്ടെന്ന് തന്നോട് അധ്യാപകര്‍ പറയുകയായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

സംഭവത്തില്‍ ലാത്തൂര്‍ ജില്ലാ കളക്ടര്‍ ജി ശ്രീകാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്റെ കൈവശം കൊടുത്തു വിടുകയാണെന്നും, ഇത് ആവശ്യപ്പെടാതെയാണ് കൊടുത്തതെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: